ന്യൂദല്‍ഹി: സര്‍ക്കാര്‍ ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ടി പ്രത്യേകം സെല്ലുകള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും ഇടുക്കി എം.പിയുമായ ഡീന്‍ കുര്യാക്കോസ്.
എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും സേവനം ഒരുക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി വീരേന്ദ്ര കുമാറിന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഡീന്‍ കുര്യാക്കോസ് കത്തയച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യപ്പെട്ടെത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാനസികമായ പിന്തുണ നല്‍കാനാവശ്യമായ സൈക്കോളജിക്കല്‍ കെയര്‍ സേവനങ്ങളും ഈ ആശുപത്രികളിലുണ്ടാവണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടായ പാളിച്ചകളെ തുടര്‍ന്ന് ട്രാന്‍സ് വ്യക്തിയായ അനന്യ കുമാരി അലക്‌സ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഡീന്‍ കുര്യാക്കോസ് കത്തയച്ചിരിക്കുന്നത്.
രാജ്യത്ത് നടക്കുന്ന എല്ലാ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ സുരക്ഷിതമായിരിക്കണമെന്നും അവ കൃത്യമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
‘ഡബ്ല്യു.പി.എ.ടി.എച്ച് (വേള്‍ഡ് പ്രൊഫഷണല്‍ അസോസിയേഷന്‍ ഫോര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍ത്ത്) പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങളെല്ലാം പാലിച്ചായിരിക്കണം രാജ്യത്ത് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്,’ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
ജൂലൈ 20നായിരുന്നു കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ആര്‍.ജെയും കേരള നിയമസഭയിലേക്ക് മത്സരിക്കാന്‍ ആദ്യമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ മത്സരാര്‍ത്ഥിയുമായ അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു.
എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തതെന്നും എന്നാല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായതായും അനന്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നതായി ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അനന്യ പറഞ്ഞിരുന്നു. സര്‍ജറിയ്ക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നുണ്ടായിരുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും അനന്യ പറഞ്ഞിരുന്നു.
വലിയ ചര്‍ച്ചകള്‍ക്കായിരുന്നു ഈ സംഭവം വഴിവെച്ചത്. തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സുരക്ഷിതമായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.