'മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് മോദി വാ തുറന്നുപറഞ്ഞാല്‍ ഞാന്‍ നിര്‍ത്താം': കോണ്‍ഗ്രസ് എം.പി അംഗോംച ബിമല്‍ അകോയ്ജാം
national news
'മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് മോദി വാ തുറന്നുപറഞ്ഞാല്‍ ഞാന്‍ നിര്‍ത്താം': കോണ്‍ഗ്രസ് എം.പി അംഗോംച ബിമല്‍ അകോയ്ജാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2024, 7:23 pm

ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം വെടിയാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി അംഗോംച ബിമല്‍ അകോയ്ജാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിപ്പൂരിനെ കുറിച്ച് സംസാരിച്ചതിന് ശേഷം ദേശീയത പറയാമെന്ന് ബിമല്‍ അകോയ്ജാം പറഞ്ഞു.

മണിപ്പൂര്‍ കലാപം ഒരു വര്‍ഷം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും മൗനം തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് മണിപ്പൂര്‍. എന്നിട്ടും സംസ്ഥാനത്തുണ്ടായ കലാപത്തില്‍ 60,000ല്‍ അധികം ആളുകള്‍ ഭവനരഹിതരായെന്നും 200 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

‘ഹൃദയത്തില്‍ കൈകള്‍ വെച്ചുകൊണ്ട് മണിപ്പൂരിലെ ഭവനരഹിതരെയും അമ്മമാരെയും വിധവകളെയും കുറിച്ച് ചിന്തിക്കുക. എന്നിട്ട് ദേശീയതയെക്കുറിച്ച് സംസാരിക്കുക,’ എന്നാണ് അംഗോംച ബിമല്‍ അകോയ്ജാം പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള അംഗോംചയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ജൂണ്‍ 27 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മണിപ്പൂരിനെ പരാമര്‍ശിക്കാത്തത് വലിയ അഭാവമാണെന്നും ഇന്നര്‍ മണിപ്പൂരില്‍ നിന്നുള്ള എം.പിയായ ബിമല്‍ അകോയ്ജാം പറഞ്ഞു.

തങ്ങളുടെ വേദനയും രോഷവും എന്നെപ്പോലുള്ള ഒരാളെ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചു. ബി.ജെ.പിയുടെ മുന്‍ ക്യാബിനറ്റ് മന്ത്രിയെ തോല്‍പ്പിച്ചാണ് താന്‍ ഇവിടെ നില്‍ക്കുന്നത്. മണിപ്പൂരിന്റെ വേദനയെക്കുറിച്ച് ചിന്തിക്കൂ. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്നും സംസ്ഥാനത്തെ ജനങ്ങളെ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വാ തുറന്ന് പറഞ്ഞാല്‍ താന്‍ നിശബ്ദത പാലിക്കുമെന്ന് പറഞ്ഞാണ് ബിമല്‍ അകോയ്ജാം പ്രസംഗം അവസാനിപ്പിച്ചത്.

Content Highlight: Congress MP Angomcha Bimal Akoyjam strongly criticized the central government’s silence on the Manipur riots