കോഴിക്കോട്: വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ വീക്ഷണം പത്രം നല്‍കിയ ഒരു മോദി അറസ്റ്റില്‍ എന്ന തലക്കെട്ട് ചര്‍ച്ചയാവുന്നു. നീരവ് മോദി കഴിഞ്ഞ ദിവസം ലണ്ടനില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം നല്‍കിയ തലക്കെട്ടാണ് ചര്‍ച്ചയാവുന്നത്.
ഒന്നാം പേജില്‍ സുപ്പര്‍ ലീഡായി കൊടുത്ത ഒരു മോദി അറസ്റ്റില്‍ എന്ന വാര്‍ത്തയ്ക്കുള്ളില്‍ അടുത്തത് മോദി എന്ന സബ് ഹെഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ കമ്മീഷണര്‍ ആയിരുന്ന ലളിത് മോദിയുടെയും ചിത്രമാണ് നല്‍കിയിരിക്കുന്നത്.
റഫാല്‍ ഇടപാടില്‍ കോടിക്കണക്കിന് രൂപ തട്ടിച്ച കുംഭകോണം നടത്തിയെന്നും പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് കരാറില്‍ നേരിട്ടടപ്പെട്ട് സുഹൃത്ത് അനില്‍ അംബാനിക്ക് 30,000 കോടി ലാഭമുണ്ടാക്കാന്‍ മോദി കൂട്ടു നിന്നെന്നും പത്രം പറയുന്നു.
“റഫാല്‍ ഇടപാടില്‍ കോടിക്കണക്കിന് രൂപ തട്ടിച്ച കുംഭകോണം നടത്തി. പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് കരാറില്‍ നേരിട്ടിടപ്പെട്ട് സുഹൃത്ത് അനില്‍ അംബാനിക്ക് 30,000 കോടി ലാഭമുണ്ടാക്കാന്‍ കൂട്ടു നിന്നു. കള്ളെനെന്ന് രാജ്യം വിളിപ്പേര് നല്‍കിയ ചൗക്കിദാര്‍.സാമ്പത്തിക കുറ്റവാളിയായ നീരവ് മോദി, ലളിത് മോദി വിജയ് മല്യ തുടങ്ങിയവരെ രാജ്യം വിടാന്‍ സഹായിച്ചു. നോട്ട് നിരോധനം, അശാസ്ത്രീയ ജി.എസ്.ടി തുടങ്ങിയവയിലൂടെ ജനത്തെ ദുരിതത്തിലാക്കി” എന്നാണ് വീക്ഷണം പറയുന്നത്.
ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ശരിയായ വീക്ഷണം എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് പത്രത്തിന്റെ തലക്കെട്ട് ഷെയര്‍ ചെയ്യുന്നത്.
വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതിയുടെ ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി.
കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 48കാരനായ നീരവ് മോദിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്തേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറസ്റ്റിനുശേഷം വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അദ്ദേഹത്തിനെതിരെ വിചാരണ തുടങ്ങാന്‍ സാധിക്കും. അല്ലാത്തപക്ഷം കോടതി ഉത്തരവിടുകയാണെങ്കില്‍ ഇന്ത്യയിലേക്ക് നാട് കടത്തുകയോ ചെയ്യാം.
നീരവ് മോദിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറിയ രേഖകളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നീരവ് മോദിയുടെ അറസ്റ്റ് വൈകിപ്പിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.