പ്രതിഷേധം ശക്തമാക്കി സുധീരന്‍; എ.ഐ.സി.സി അംഗത്വവും രാജിവെച്ചു
Kerala News
പ്രതിഷേധം ശക്തമാക്കി സുധീരന്‍; എ.ഐ.സി.സി അംഗത്വവും രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th September 2021, 9:53 am

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. എ.ഐ.സി.സിയുടെ അനുനയ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് സുധീരന്‍ രാജിവെച്ചിരിക്കുന്നത്.

നേതൃത്വത്തിനെതിരെ കടുത്ത നിലപാടില്‍ തുടരാന്‍ തന്നെയാണ് വി.എം. സുധീരന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുതിയ നടപടി വ്യക്തമാക്കുന്നത്. ഹൈക്കമാന്റിന്റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് സുധീരന്‍ രാജിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് സുധീരന്‍ രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഒരു നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശന്‍ പറഞ്ഞത്. പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഏത് കാലത്താണ് സുധീരന്‍ സ്വന്തം നിലപാടില്‍ നിന്നും മാറിയിട്ടുള്ളത്. നേതൃത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു,’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പുനസംഘടനാ ചര്‍ച്ചയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സുധീരന്‍ നേതൃത്വത്തിനെതിരെ രാജിയടക്കമുള്ള നടപടികളുമായി രംഗത്തുവന്നിരിക്കുന്നത്. ഇതു കൂടാതെ ദേശീയ നേതൃത്വം തനിക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും സുധീരന് പരാതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടാത്തത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സുധീരന്‍ ഹൈക്കമാന്റിന്റെ നടപടിയില്‍ ദുഖമുണ്ടെന്നും രാജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:  Congress leader V M Sudheeran resigns from AICC