500 ബൂത്തുകളില്‍ കോണ്‍ഗ്രസിന് ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല; നേതാക്കന്‍മാരെല്ലാം പാര്‍ട്ടി ഓഫീസില്‍ തന്നെ ഇരുന്നു; പരാജയ കാരണം എണ്ണിപ്പറഞ്ഞ് അല്‍പേഷ് താക്കൂര്‍
അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ തിരിച്ചടിയ്ക്ക് കാരണം കോണ്‍ഗ്രസ് നേതാക്കന്‍മാരും പ്രവര്‍ത്തകരും തന്നെയാണെന്ന് ഗുജറാത്ത് എം.എല്‍.എയും ഒ.ബി.സി നേതാവുമായ അല്‍പേഷ് താക്കൂര്‍.
എന്‍.ഡി.എ ഭരണത്തിന് കീഴില്‍ രാജ്യം നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വെക്കാനോ അതിനെ പ്രതിരോധിക്കാനോ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും തോല്‍വിക്ക് കാരണക്കാര്‍ പാര്‍ട്ടിയിലെ നേതാക്കള്‍ മാത്രമാണെന്നും അല്‍പേഷ് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കന്‍മാരില്ല. മുഖസ്തുതിക്കാര്‍ മാത്രമേയുള്ളൂ. ജനങ്ങള്‍ക്ക് എന്താണ് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്ന് മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അഴിമതി നടന്നു, അഴിമതി നടന്നു എന്ന് വിളിച്ചുപറയാന്‍ മാത്രമേ അവര്‍ക്കായുള്ളൂ. യഥാര്‍ത്ഥത്തില്‍ അഴിമതിയില്ല. അഴിമതി അവരുടെ മനസിലാണ്. – അല്‍പേഷ് താക്കൂര്‍ പറഞ്ഞു.
താഴെത്തട്ടില്‍ ഇറങ്ങിയുള്ള ഒരു പ്രവര്‍ത്തനവും കോണ്‍ഗ്രസ് നടത്തിയിട്ടില്ല. പകരം ഒരു കാര്യവുമില്ലാതെ പത്രസമ്മേളനം നടത്തി സമയം കളയുകയായിരുന്നു.
500 ഓളം ബൂത്തുകളില്‍ കോണ്‍ഗ്രസിന് ബൂത്ത് ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. ആളുകള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടതിന് പകരം നേതാക്കന്‍മാര്‍ എല്ലാം പാര്‍ട്ടി ഓഫീസിനകത്തു തന്നെ ഇരുന്നു. അവര്‍ ഗ്രാമങ്ങള്‍ തോറും ഇറങ്ങി താഴെത്തട്ടിലുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അതിന് പരിഹാരം കാണുകയും വേണ്ടിയിരുന്നു. എന്നാല്‍ അങ്ങനെയുള്ള പ്രവര്‍ത്തനങ്ങളൊന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. യാതൊരു ജനപിന്തുണയും ഇല്ലാത്ത, ബൂത്ത് മാനേജ്‌മെന്റ് ഇല്ലാത്ത, വെറും നേതാക്കന്‍മാര്‍ മാത്രമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി.
നരേന്ദ്ര മോദിക്കും ആര്‍.എസ്.എസിനും എതിരെ നെഗറ്റീവ് കാമ്പയിനുകള്‍ മാത്രം കൊണ്ടുവന്നത് കൊണ്ടു കാര്യമില്ലെന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അത് അവഗണിച്ചു. അഴിമതി വിരുദ്ധ മുഖമാണ് ഇന്ന് മോദിക്കുള്ളത്. ആര്‍.എസ്.എസിന് ദേശീയതയുടെ മുഖവും- അല്‍പേഷ് താക്കൂര്‍ പറഞ്ഞു.
17 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിരാശരാണെന്നും 15 ലേറെ എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിടുമെന്നും അല്‍പേഷ് താക്കൂര്‍ പറഞ്ഞു. എല്ലാവരും സമ്മര്‍ദ്ദത്തിലാണ്. കൃത്യം പറഞ്ഞാല്‍ പകുതി എം.എല്‍.എമാരും അസ്വസ്ഥരാണ്- താക്കൂര്‍ പറഞ്ഞു.