എനിക്കെതിരെ മത്സരിക്കുന്ന ബി.ജെ.പിയുടെ രവിശങ്കര്‍ പ്രസാദിന് നന്മ നേരാനെ എനിക്ക് കഴിയൂ; ശത്രുഘന്‍ സിന്‍ഹ
national news
എനിക്കെതിരെ മത്സരിക്കുന്ന ബി.ജെ.പിയുടെ രവിശങ്കര്‍ പ്രസാദിന് നന്മ നേരാനെ എനിക്ക് കഴിയൂ; ശത്രുഘന്‍ സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2019, 8:57 pm

പാറ്റ്ന: ബി.ജെ.പി വിടാനൊരുങ്ങിയ തനിക്കു പിന്നാലെ എ.എ.പി, എസ്.പി, ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടായിരുന്നെന്നും, എന്നാല്‍ യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ഒരു ദേശീയ പാര്‍ട്ടി എന്ന നിലയ്ക്ക് താന്‍ കോണ്‍ഗ്രസിലേക്ക് വരികയായിരുന്നെന്നും ബി.ജെ.പി വിട്ട ശത്രുഘന്‍ സിന്‍ഹ.

ആര്‍.ജെ.ഡി നേതാവും തന്റെ ബന്ധുവുമായ ലാലു പ്രസാദ് യാദവ് കോണ്‍ഗ്രസിലേക്ക് വരണമെന്ന് തന്നോട് ഉപദേശിച്ചിരുന്നതായും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.

ബി.ജെ.പി എം.പി ആയിരുന്ന സിന്‍ഹ ബിഹാറിലെ പാട്‌ന സാഹിബില്‍ നിന്നാണ് ലോക്‌സഭയിലെത്തിയത്. എന്നാല്‍ ഈ വര്‍ഷം സിന്‍ഹയെ തഴഞ്ഞ ബി.ജെ.പി രവി ശങ്കര്‍ പ്രസാദിനെ പാട്‌ന സാഹിബില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകായിരുന്നു.

പാട്‌ന സാഹിബില്‍ താന്‍ ജയിച്ചത് സ്വന്തം നിലയ്ക്കാണെന്നും, തനിക്കെതിരെ മത്സരിക്കുന്ന രവി ശങ്കര്‍പ്രസാദിന് നന്മ നേരാന്‍ മാത്രമേ തനിക്ക് കഴിയൂ എന്നും സിന്‍ഹ പരിഹസിച്ചു. “രവിശങ്കര്‍ പ്രസാദിന് നന്മ നേരാനെ എനിക്ക് കഴിയൂ. എന്തു തന്നെയായാലും പാട്‌നയിലെ ജനങ്ങള്‍ തീരുമാനിക്കും”- സിന്‍ഹ പറഞ്ഞു.

Also Read അച്ഛന്‍ നേരത്തെ തന്നെ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കണമായിരുന്നു, വളരെ വൈകിപ്പോയി: സൊനാക്ഷി സിന്‍ഹ

വേദനോടെയാണ് താന്‍ ബി.ജെ.പി വിട്ടതെന്നും, എന്നാല്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, അരുണ്‍ ഷൂരി, യശ്വന്ത് സിന്ഹ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പി സീറ്റ് നല്‍കാതിരുന്നത് തന്നെ ഞെട്ടിച്ചതായും സിന്‍ഹ പറഞ്ഞിരുന്നു.

അടല്‍ ബിഹാരി വാജ്‌പേയുടെ കാലത്ത് ബി.ജെ.പി കൂട്ടായ തീരുമാനങ്ങളായിരുന്നു എടുത്തതെന്നും, എന്നാല്‍ ഇന്ന് ബി.ജെ.പിയില്‍ ഏകാധിപത്യ ഭരണമാണെന്നും സിന്‍ഹ കുറ്റപ്പെടുത്തി.

അതേസമയം ശത്രുഘന്‍ സിന്‍ഹ ബി.ജെ.പിയില്‍ നിന്ന് നേരത്തെ തന്നെ രാജിവെക്കണമായിരുന്നുവെന്ന് സിന്‍ഹയുടെ മകളും അഭിനേത്രിയുമായ സൊനാക്ഷി സിന്‍ഹ പറഞ്ഞിരുന്നു,