'മണിപ്പൂര്‍ വിഷയത്തില്‍ രാഹുല്‍ സംസാരിച്ചപ്പോള്‍ 71 ശതമാനവും സന്‍സദ് ടി.വിഫോക്കസ് ചെയ്തത് സ്പീക്കറെ'
national news
'മണിപ്പൂര്‍ വിഷയത്തില്‍ രാഹുല്‍ സംസാരിച്ചപ്പോള്‍ 71 ശതമാനവും സന്‍സദ് ടി.വിഫോക്കസ് ചെയ്തത് സ്പീക്കറെ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th August 2023, 4:44 pm

ന്യൂദല്‍ഹി: പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സന്‍സദ് ടി.വിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചപ്പോള്‍ കൂടുതല്‍ സമയവും ഫോക്കസ് നല്‍കിയത് സ്പീക്കര്‍ ഓം ബിര്‍ളക്കാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ്‌ചെയ്തു.

ഉച്ചയ്ക്ക് 12:09 മുതല്‍ 12:46 വരെയാണ് രാഹുല്‍ പ്രസംഗിച്ചത്. ഈ സമയം സന്‍സദ് ടി.വിയില്‍ കൂടുതല്‍ സമയം തെളിഞ്ഞത് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മുഖമായിരുന്നെന്ന് ജയാറാം രമേശ് പറഞ്ഞു.

‘അവിശ്വാസ പ്രമേയത്തിനിടെ 37 മിനിറ്റാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. അതില്‍ സന്‍സദ് ടി.വി ക്യാമറ രാഹുലിനെ കാണിച്ചത് 14 മിനിറ്റ് 37 സെക്കന്‍ഡ് മാത്രമാണ്.
40 ശതമാനം സ്‌ക്രീന്‍ പ്രസന്‍സ് മാത്രമാണ് രാഹുലിന് ലഭിച്ചത്. എന്തിനെയാണ് മിസ്റ്റര്‍ മോദി ഭയപ്പെടുന്നത്?

ഇതില്‍ തന്നെ മണിപ്പൂര്‍ വിഷയത്തില്‍ 15 മിനിറ്റ് 42 സെക്കന്‍ഡാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. ഈ സമയത്ത്, സന്‍സദ് ടി.വിയുടെ ക്യാമറ 11 മിനിറ്റ് 08 സെക്കന്‍ഡ് സ്പീക്കര്‍ ഓം ബിര്‍ളയെ ഫോക്കസ് ചെയ്തു. അതായത് 71 ശതമാനം സമയവും. സന്‍സദ് ടി.വി രാഹുല്‍ ഗാന്ധി മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാല് മിനിറ്റ് 34 സെക്കന്‍ഡ് മാത്രമാണ് വീഡിയോയില്‍ കാണിച്ചത്,’ ജയറാം രമേശ് പറഞ്ഞു.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടുത്തുഭാഷയിലാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.
മോദി വിചാരിക്കുന്നത് മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണെന്നും, പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പി രാജ്യസ്‌നേഹികളല്ല രാജ്യദ്രോഹികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlight: Congress has filed a complaint against Sansad TV, which broadcasts parliamentary proceedings