ലഖ്‌നൗ: ന്യൂനപക്ഷങ്ങള്‍ക്ക് ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക വഴി കോണ്‍ഗ്രസ് ഗോവധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ബില്ലാരിയില്‍ വച്ച് നടന്ന തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരാണങ്ങളില്‍ പറയുന്ന ഗോമാതാവിനെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ അംഗീകരിക്കുമോ എന്നും യോഗി ആദിത്യനാഥ് ചോദിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാംബാല്‍ ലോക്‌സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പരമേശ്വര്‍ലാല്‍ സിനിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച യോഗത്തിലായിരുന്നു യോഗിയുടെ വിദ്വേഷ പരാമർശങ്ങൾ .
‘നാണം കെട്ട ആളുകളാണവര്‍, അവര്‍ നിങ്ങള്‍ക്ക് ബീഫ് കഴിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നത് വഴി പശുവിനെ കൊല്ലാനാണ് ആഹ്വാനം ചെയ്യുന്നത്. പുരാണങ്ങളില്‍ പറയുന്ന ഗോമാതാവിനെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന ഈ ജനതയെ ഇന്ത്യ അംഗീകരിക്കും എന്ന് കരുതുന്നുണ്ടോ?’
ന്യൂനപക്ഷങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത് എന്ന് പറയുന്നു. എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുക വഴി പശുവിനെ കൊല്ലാനുള്ള അധികാരത്തെ കുറിച്ചാണ് അവര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്,’ യോഗി ആദിത്യനാഥ് പറഞ്ഞു.
നേരത്തെ രാജസ്ഥാനിലും തുടര്‍ന്ന് വിവിധ യോഗങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങളെയും യോഗി ആദിത്യനാഥ് ന്യായീകരിച്ചു. കോണ്‍ഗ്രസ് രാജ്യത്തെ സ്വത്തുക്കള്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്കായി വീതിച്ചു കൊടുക്കുമെന്ന മോദിയുടെ പരാമര്‍ശത്തെ യോഗി ആദിത്യനാഥ് പിന്തുണച്ചു.
രാജ്യത്തെ സ്ത്രീകളുടെ മംഗല്യസൂത്രം (താലിമാല) കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റക്കാര്‍ക്കും ബംഗ്ലാദേശികള്‍ക്കുമായി കൊടുക്കുമെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ചു കൊണ്ട് യോഗി പറഞ്ഞു. കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോ എന്നത് ജനങ്ങളുടെ സ്വത്തിന്റെ എക്‌സറേ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ജനങ്ങളെ കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസിലെ രണ്ടു സഹോദരങ്ങള്‍ (പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി ) അടുത്ത് തന്നെ അയോധ്യയിലേക്ക് പോകാന്‍ പദ്ധതിയിടുന്നുണ്ട്. അവര്‍ അധികാരത്തിലിരുന്നപ്പോള്‍ രാമന്റെ പ്രതിഷ്ഠയെ ചോദ്യം ചെയ്തിരുന്നു. രാമന്‍ എല്ലാവരുടേതുമാണ്. അവരുടേത് ഇരട്ടത്താപ്പാണ് ”യോഗി ആദിത്യനാഥ് പറഞ്ഞു.