ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ കാണാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ്. മണ്ഡലത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സമയത്ത് എം.പി പഗ്യാ സിംഗ് എവിടെയാണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. എം.പിയെ കണ്ടുകിട്ടുന്നവര്‍ക്ക് മധ്യപ്രദേശിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രവി സക്‌സേന 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഭോപ്പാലിലെ കൊവിഡ് രോഗികള്‍ക്ക് മരുന്നുകളുടെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും കുറവ് നേരിടുന്നുണ്ടെന്ന് രവി സക്‌സേന പറഞ്ഞു.
എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പകര്‍ച്ച വ്യാധി പോലുള്ള അസുഖങ്ങള്‍ പടരുന്ന സമയത്തും ആളുകള്‍ക്ക് ആവശ്യമുള്ളപ്പോഴും കാണാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം തുടങ്ങിയ സമയത്തും പ്രഗ്യാ സിംഗ് മണ്ഡലത്തില്‍ ഇല്ലായിരുന്നുവെന്ന് സക്‌സേന പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. ഇന്‍ഡോറും ഭോപ്പാലും ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച ജില്ലകളാണ്.
2008ലെ മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായിരുന്നു ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ പ്രഗ്യാ സിംഗ് ഠാക്കൂര്‍. മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മലേഗാവ് എന്ന പട്ടണത്തിന് സമീപം മോട്ടോര്‍ സൈക്കിളില്‍ സ്ഫോടന വസ്തു പൊട്ടിത്തെറിച്ച് ഏഴ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് കേസ്.
സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് പ്രഗ്യാ സിംഗ് ഠാക്കൂറിന്റേതാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന പ്രതികളായി കണക്കാക്കുന്നത് പ്രഗ്യ സിംഗ് ഠാക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത് എന്നിവരെയാണ്.
സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രണം പ്രഗ്യയാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് കേസന്വേഷിച്ച എന്‍.ഐ.എ ഇവരുടെ പേര് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക