ആന്ധ്രയില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കൈകോര്‍ക്കും; സഖ്യം പ്രഖ്യാപിച്ച് വൈ.എസ്. ശര്‍മിള
national news
ആന്ധ്രയില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കൈകോര്‍ക്കും; സഖ്യം പ്രഖ്യാപിച്ച് വൈ.എസ്. ശര്‍മിള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd February 2024, 9:18 pm

ഹൈദരാബാദ്: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ്. ശര്‍മിള.

ആന്ധ്ര രത്ന ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വൈ.എസ്. ശര്‍മിള ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം പ്രഖ്യാപിച്ചത്. സി.പി.ഐ.എം, സി.പി.ഐ നേതാക്കളോടൊപ്പമായിരുന്നു അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

സംസ്ഥാനത്തെ രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കെതിരെ ശര്‍മിള രൂക്ഷവിമര്‍ശനമുന്നയിച്ചു. തെലുങ്ക് ദേശം പാര്‍ട്ടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ജനങ്ങളെ വഞ്ചിച്ചുവെന്നും ഇരുവരും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക പാര്‍ട്ടികളാണെന്നും അവര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനായാണ് സഖ്യമെന്നും ശര്‍മിള പറഞ്ഞു.

‘കേന്ദ്രത്തിലെ ബി.ജെ.പിയുടെയും സംസ്ഥാനത്തെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടേണ്ട ആവശ്യകതയുണ്ട്. അതിനാല്‍ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടൊപ്പം കൈകോര്‍ക്കാന്‍ തീരുമാനച്ചിരിക്കുന്നു,’ ശര്‍മിള കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 26ന് അനന്ത്പൂരില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന കോണ്‍ഗ്രസിന്റെ പൊതുയോഗത്തിലേക്ക് ഇടതുപാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ടെന്നും സീറ്റ് വിഭജന കാര്യങ്ങളിലുള്‍പ്പെടെ പെട്ടെന്ന് തീരുമാനമെടുക്കുമെന്നും ശര്‍മിള കൂട്ടിച്ചേര്‍ത്തു.

ഈ സഖ്യം പ്രകാരം ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് 175 നിയമസഭാ മണ്ഡലങ്ങളും 25 ലോക്‌സഭാ മണ്ഡലങ്ങളുമാണുള്ളത്.

സംസ്ഥാനത്ത് ഒരു ശതമാനം വോട്ട് പോലുമില്ലാത്ത ബി.ജെ.പി, തെലുങ്കു ദേശം പാര്‍ട്ടിയുടെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെയും ചെലവില്‍ ആന്ധ്രയിലെ ജനങ്ങളെ ഭരിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വി. ശ്രീനിവാസ റാവു പറഞ്ഞു.

സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം എം.എ. ഗഫൂര്‍, സംസ്ഥാന കമ്മിറ്റി അംഗം വൈ. വെങ്കടേശ്വര റാവു, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഗിഡുഗു രുദ്ര രാജു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജെ.ഡി. ശീലം, സി.പി.ഐ സംസ്ഥാന സമിതി അംഗങ്ങളായ എം. നാഗേശ്വര റാവു, അക്കിനേനി വനജ, ജല്ലി വില്‍സണ്‍, രാമകൃഷ്ണ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Content highlight: Congress and Communist parties will join hands in Andhra; Y.S. Sharmila Announced  the alliance