ബോംബ് വച്ചത് റാവുവാണെന്ന് അറിഞ്ഞതോടെ ബി.ജെ.പി ഭക്തര്‍ നിരാശയിലാണെന്ന് കോണ്‍ഗ്രസ്; 'ഇപ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ല'
national news
ബോംബ് വച്ചത് റാവുവാണെന്ന് അറിഞ്ഞതോടെ ബി.ജെ.പി ഭക്തര്‍ നിരാശയിലാണെന്ന് കോണ്‍ഗ്രസ്; 'ഇപ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd January 2020, 8:18 pm

ബംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ച പ്രതിയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസും ജനതാദളും. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാളാണ് ഹലസൂരു പൊലീസിന് മുമ്പാകെ കീഴടങ്ങിയത്.

മംഗളൂരുവില്‍ ബോബ് വെച്ചയാള്‍ ഹിന്ദുവായത് ബി.ജെ.പിയെ സംബന്ധിച്ച് മോശം വാര്‍ത്തയാണെന്ന് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. അത് മറ്റാരെങ്കിലും ആണെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായേനെ. കാരണം ഇപ്പോള്‍ അത് റാവുവാണ്, ആര്‍ക്കും ഒന്നും പറയാനില്ല. ചിലപ്പോള്‍ ബി.ജെ.പി ഭക്തര്‍ നിരാശയിലായിരിക്കാം. കീഴടങ്ങിയയാള്‍ ഒരു മുസ്‌ലിം ആയിരുന്നുവെങ്കില്‍ അവര്‍ അതില്‍ കടിച്ചുപിടിച്ചു കയറാന്‍ ശ്രമിച്ചേനേയെന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആകെയുള്ള സംഭവം തന്നെ സംശയാസ്പദമാണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി ദാവോസില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. അതേ സമയം ബി.ജെ.പി മംഗളൂരുവിനെ ഒരു വര്‍ഗീയ നഗരമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഇതെങ്ങിനെയാണ് നിക്ഷേപത്തെ ആകര്‍ഷിക്കുന്നതെന്നും കുമാരസ്വാമി ചോദിച്ചു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കീഴടങ്ങിയയാള്‍ ഒരു എഞ്ചിനീയറും മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലിക്ക് ശ്രമിച്ചയാളാണ്. ഇന്ന് തൊഴിലില്ലായ്മ വലിയ ഒരു പ്രശ്‌നമാണ്. ഈ പ്രശ്‌നമാണ് ആഭ്യന്തര മന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.