രാഹുലിന്റെയും പ്രിയങ്കയുടെയും വീഡിയോകളിലെ മുന്നറിയിപ്പ്; യൂട്യൂബും മോദിയുടെ കൈകളിലെന്ന് കോണ്‍ഗ്രസ്
national news
രാഹുലിന്റെയും പ്രിയങ്കയുടെയും വീഡിയോകളിലെ മുന്നറിയിപ്പ്; യൂട്യൂബും മോദിയുടെ കൈകളിലെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th October 2023, 6:14 pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗ വിഡിയോകളില്‍ വാണിങ് ഹാഷ് ടാഗ് നല്‍കി യൂട്യൂബ്. ഇതിന് പിന്നാലെ യൂട്യൂബ് മോദിയുടെ കൈകളിലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്.

രാഹുല്‍ ഗാന്ധിയുടെ തത്സമയ വീഡിയോയുടെ അടിയില്‍ യൂട്യൂബ് ‘The following content may contain suicide or self harm topics. Viewer discretion is advised’ എന്ന് എഴുതിയിരുന്നു.

ഈ മുന്നറിയിപ്പിലൂടെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് പ്രതിപക്ഷത്തിന്റെ സന്ദേശം അടിച്ചമര്‍ത്തുകയാണെന്ന് എം.പിയും കോണ്‍ഗ്രസ് മീഡിയാ സെല്‍ ഹെഡുമായ ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

മുന്നറിയിപ്പ് ടാ്ലൈനിലൂടെ യൂട്യൂബ് പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്തുന്ന കേന്ദ്രത്തിന്റെ കൈകളിലാണെന്ന് തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘അവരുടെ പ്രസംഗത്തിന്‍ ആത്മഹത്യാപരമോ അപകടകരമോ ആയ ഉള്ളടക്കമുണ്ടെന്ന് ഗൂഗിള്‍ വിശദീകരിക്കുമോ? ഇതു പോലെ ഉന്നയിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എല്ലാം സെന്‍സര്‍ ചെയ്യുമോ?
പക്ഷപാതപരമായ നിലപാടുകള്‍ എടുക്കരുതെന്ന് പറഞ്ഞ് മുന്‍പും ഞങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യയിലും ലോകത്ത് എല്ലായിടത്തും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതവിദ്വേഷം പടര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി കഴിഞ്ഞ ആഴ്ച മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സുക്കര്‍ ബര്‍ഗിനും ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയ്ക്കും കത്തയച്ചിരുന്നു.

വര്‍ഗീയപരവും ഹിന്ദുത്വപരവുമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ യൂട്യൂബും ഫേസ്ബുക്കും
വാട്ട്‌സാപ്പും പരാജയപ്പെട്ടതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുസ്‌ലീങ്ങള്‍ക്കെതിരായ ആക്രമണത്തിന്റെ ലൈവ് വീഡിയോ പ്രചരിപ്പിച്ച ആള്‍ക്ക് യുട്യൂബ് സില്‍വര്‍ ബട്ടണ്‍നല്‍കിയതായും ഇതിലൂടെ ഇന്ത്യയിലെ മതസൗഹാര്‍ദം തകര്‍ത്ത് വിദ്വേഷം പരത്താന്‍ ശ്രമിക്കുന്നതായും ഇന്ത്യ മുന്നണി കത്തില്‍ പറഞ്ഞിരുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയും വിദേശ കമ്പനിയുമായുള്ള പക്ഷപാതപരമായ ബന്ധം ഇന്ത്യന്‍ ജനാധിപത്യത്തില്‍ കൈകടത്തുന്നതിന് തുല്യമാണെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു.

ആത്മഹത്യ, സ്വയം ഉപദ്രവിക്കല്‍, എന്നിവ പ്രോല്‍ത്സാഹിപ്പിക്കുന്നതോ നടുക്കുന്നതോ വെറുപ്പുളവാക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ അനുവദിക്കരുത് എന്നതാണ് യൂടൂബിന്റെ നയം.

 

Content highlight:  Congress accuse modi government behind the selfharm tag on riahul gandhi’s youtube video.