കൊച്ചി: കിറ്റെക്‌സ് എം.ഡി സാബു ജേക്കബ്ബിന്റെ ട്വന്റി 20യില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ച് സി.പി.ഐ.എമ്മിലേക്ക്.
പാര്‍ട്ടിവിട്ടവരും കുടുംബവും ആഗസ്റ്റ് ഒന്നിന് നെല്ലാട് നടക്കുന്ന പരിപാടിയില്‍ സി.പി.ഐ.എമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തെ നിരന്തരം അപമാനിക്കുകയും സര്‍ക്കാരിനെതിരെ നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാബു ജേക്കബിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പാര്‍ട്ടി വിട്ടവര്‍ പറയുന്നത്.
അതേസമയം, പൊലീസ് സംരക്ഷണം വേണമെന്ന ട്വന്റി-20 പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്വന്റി-20 അധികാരത്തില്‍ വന്ന മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് പൊലീസ് സംരക്ഷണം തുടരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തേ ഇടക്കാല ഉത്തരവിലൂടെ പഞ്ചായത്തുകളില്‍ പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. അത് തുടരണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക്, കുന്നത്തുനാട് പ്രസിഡന്റ് എം.വി. നിതാമോള്‍, മഴുവന്നൂര്‍ പ്രസിഡന്റ് ബിന്‍സി ബൈജു എന്നിവരാണ് ഹരജി നല്‍കിയത്. മൂന്നു പഞ്ചായത്തുകളിലെയും പ്രതിപക്ഷ അംഗങ്ങള്‍, പ്രതിപക്ഷ പാര്‍ടി ഭാരവാഹികള്‍ തുടങ്ങിയവരെ എതിര്‍കക്ഷിയാക്കിയിരുന്നു.