ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം; തിരുവനന്തപുരത്ത് ആര്‍.എസ്.എസ് നോമിനിയെ നഗരസഭാ കൗണ്‍സില്‍ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്നും മാറ്റി
Kerala News
ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം; തിരുവനന്തപുരത്ത് ആര്‍.എസ്.എസ് നോമിനിയെ നഗരസഭാ കൗണ്‍സില്‍ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്നും മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th September 2018, 8:02 am

തിരുവനന്തപുരം: തലസ്ഥാനത്തെ ബി.ജെ.പിയില്‍ വിഭാഗീയത രൂക്ഷമാകുന്നു. തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ പ്രതിപക്ഷ കക്ഷി നേതാവായ ഗിരിയെ സ്ഥാനത്ത് നിന്ന് മാറ്റി.

ഇന്നലെ രാത്രി വരെ ചേര്‍ന്ന ബി.ജെ.പി നഗരസഭാ കൗണ്‍സില്‍ കക്ഷി യോഗമാണ് തീരുമാനമെടുത്തത്. ആര്‍.എസ്.എസ് നോമിനായായിരുന്ന ഗിരിക്ക് പകരം വി.മുരളീധരപക്ഷത്തെ എം.ആര്‍ ഗോപനെ പ്രതിപക്ഷ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.

നഗരസഭാ കൗണ്‍സിലില്‍ വി. മുരളീധരപക്ഷത്തിന് മേല്‍ക്കൈ കിട്ടിയതോടെ ബി.ജെ.പി ജില്ലാ കമ്മിറ്റി നേതൃത്വത്തിന് കൗണ്‍സിലിലുള്ള പഴയ സ്വാധീനം ഇല്ലാതായി. 34 അംഗങ്ങളില്‍ 20 പേര്‍ പങ്കെടുത്ത യോഗം ബി.ജെ.പി ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ മേല്‍നോട്ടത്തിലാണ് നടന്നത്.

ALSO READ: ഇന്ധന വില വര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി; മോദി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി എ.ബി.വി.പി നേതാവ്

ഗിരിയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം പരാജയമാണെന്ന വിലയിരുത്തലും വ്യക്തിപരമായ മറ്റ് ആരോപണങ്ങളും സ്ഥാനചലനത്തിന് കാരണമായി.

അതേസമയം നേമം പ്രദേശത്തെ പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സിലര്‍മാരെ പരിഗണിക്കുന്നില്ലെന്ന വിമര്‍ശനം ഒ. രാജഗോപാല്‍ എം.എല്‍.എയ്‌ക്കെതിരെയും ഉയര്‍ന്നു. കൂടാതെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ രാജഗോപാലിന്റെ നവതി വലിയ രീതിയില്‍ ആഘോഷമാക്കുന്നതിനെതിരെയും വിമര്‍ശനമുണ്ടായി.

WATCH THIS VIDEO: