വീണ്ടും നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവിട്ട് കേന്ദ്രം; ഇത്തവണ കുടുങ്ങിയത് കസ്റ്റംസ് വിഭാഗത്തിലെ അഴിമതിക്കാര്‍
national news
വീണ്ടും നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവിട്ട് കേന്ദ്രം; ഇത്തവണ കുടുങ്ങിയത് കസ്റ്റംസ് വിഭാഗത്തിലെ അഴിമതിക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 7:21 pm

ന്യൂദല്‍ഹി: 15 കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവിട്ട് കേന്ദ്ര ധനകാര്യ വകുപ്പ്. പരോക്ഷ നികുതി കസ്റ്റംസ് വിഭാഗത്തിലെ ക്രമക്കേടുകളെത്തുടര്‍ന്നാണ് നടപടി.

അമ്പത് വയസ് പൂര്‍ത്തിയായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇക്കാര്യമറിയിച്ച് ധനകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ‘സാമ്പത്തിക നിയമത്തിലെ 56-ാം നിയമപ്രകാരം ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍നിന്ന് 15 ഉദ്യോഗസ്ഥരുടെ നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവിടുന്നു. പൊതുതാല്‍പര്യം കണക്കിലെടുത്ത് 50 വയസിനുള്ള ഇവര്‍ എത്രയും പെട്ടന്ന് വിരമിക്കണമെന്നാണ് ഉത്തരവ്’, എന്നാണ് ട്വീറ്റ്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ്(സി.ബി.ഐ.സി.) വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍, കമ്മീഷണര്‍, അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികളിലുള്ളവര്‍ക്കെതിരെയാണ് നടപടി

ഈ മാസം രണ്ടാം തവണയാണ് ധനകാര്യ വകുപ്പ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കുന്നത്. ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് സമാന നടപടിയുണ്ടായത്. അഴിമതി, ലൈംഗിക ആരോപണങ്ങള്‍ നേരിട്ട 12 ഉന്നത ഉദ്യോഗസ്ഥരോടായിരുന്നു ധനമന്ത്രാലയം നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യപ്പെട്ടത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ആദായനികുതി വകുപ്പ് ജോയിന്റ് കമ്മീഷണറുമായ അശോക് അഗര്‍വാള്‍, അപ്പീല്‍ കമ്മീഷണര്‍ എസ്.കെ ശ്രീവാസ്തവ, റവന്യൂ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥനായ ഹോമി രാജ്വംശ് തുടങ്ങിയവര്‍ ഈ പട്ടികയില്‍പ്പെടും.