തിരുവനന്തപുരം: കിറ്റെക്‌സ് വിവാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങളാണ് ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണ്. ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കണക്കുകള്‍ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണെന്നും വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരാതി വന്നാല്‍ പരിശോധിക്കുമെന്നും അത് വേട്ടയാടലായി ചിത്രീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം വ്യവസായ സൗഹൃദമല്ലെന്നും തന്നെ ആട്ടിയോടിക്കുകയാണെന്നുമായിരുന്നു നിക്ഷേപ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബ് പറഞ്ഞിരുന്നു.
‘നമ്മള്‍ ഇന്നും 50 വര്‍ഷം പിന്നിലാണ്. കേരളം മാത്രം മാറിയിട്ടില്ല. ഞാന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്.
ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാര്‍, പുതിയ സംരംഭകര്‍ അവരെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാല്‍ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂ’, സാബു ജേക്കബ് പറഞ്ഞു
53 വര്‍ഷമായിട്ട് കേരളത്തില്‍ ഒരു വ്യവസായിക ചരിത്രം സൃഷ്ടിച്ച, വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്നും സാബു ജേക്കബ് ചോദിച്ചിരുന്നു.