കോഴിക്കോട്: ട്രാന്‍സ്മാന്‍ പ്രവീണിന്റെ മരണത്തിന് ഉത്തരവാദികളായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ട്രാന്‍സ്‌ഫോബിക് വ്യക്തികള്‍ എന്നിവര്‍ക്ക് എതിരെ കൃത്യമായ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപെട്ട് മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി. സമൂഹിക സംഘടനയായ ദിശയാണ് പരാതി നല്‍കിയത്.
പ്രവീണിന്റെ വ്യക്തി ജീവിതത്തെ അപമാനിച്ചു കൊണ്ട് വാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ പത്രങ്ങളും അവനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളും ഇട്ട വ്യക്തികളാണ് മരണത്തിന്റെ പ്രാഥമികമായ കാരണമെന്ന് സംഘടന പരാതിയില്‍ ആരോപിച്ചു.
‘ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ മിസ്റ്റര്‍ കേരളയായ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തിരിക്കുന്നു. പ്രവീണിന്റെ വ്യക്തി ജീവിതത്തെ അപമാനിച്ചു കൊണ്ട് വാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ പത്രങ്ങളും അവനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളും ഇട്ട വ്യക്തികളാണ് മരണത്തിന്റെ പ്രാഥമികമായ കാരണം.
അനന്യയുടെ ആത്മഹത്യക്ക് ശേഷം Gender Affirmation surgery സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ദിശ കേരള ഹൈ കോടതിയെ സമീപിച്ചിരുന്നു. ദിശ നടത്തിക്കൊണ്ടിരിക്കുന്ന കേസില്‍ ആദ്യത്തെ പരാതി കക്ഷി പ്രവീണാണ്.
പ്രവീണിന്റെ മരണത്തിന് ഉത്തരവാദികളായ, അവന്റെ മാനസിക ആരോഗ്യത്തെ തകര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് എതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപെടുന്നു,’ ദിശ പരാതിയില്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിനെ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും കഴിഞ്ഞ പ്രണയദിനത്തില്‍ വിവാഹിതരായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍ തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റും പ്രവീണ്‍ പിന്‍വലിച്ചിരുന്നു.
സാധാരണഗതിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും വിവാഹമോചനത്തെ പറ്റി ചിന്തിച്ചിട്ടില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത് വേദനയുണ്ടാക്കിയെന്നും പ്രവീണ്‍ പ്രതികരിച്ചിരുന്നു.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമായിരുന്നു പ്രവീണ്‍ നേരിട്ടത്. മുന്‍ മിസ്റ്റര്‍ കേരളയാണ് പ്രവീണ്‍. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചു.