കാക്കി കണ്ടാല്‍ കടിക്കണം, പൊലീസിനെ ഉപദ്രവിക്കാന്‍ നായകള്‍ക്ക് ട്രെയിനിങ്; ഡോഗ്‌സ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം
കോട്ടയം: കുമാരനല്ലൂരില്‍ ഡോഗ്‌സ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം. കുമാരനല്ലൂര്‍ സ്വദേശി റോബിനെതിരെയാണ് പരാതിയുള്ളത്. റെയ്ഡിനെത്തിയ പൊലീസിന് നേരെ നായയെ അഴിച്ചുവിട്ട് റോബിന്‍ അക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതിയുണ്ട്.
ഇയാള്‍ 13 പട്ടികളുമായി ഡോഗ്‌സ് ഹോസ്റ്റല്‍ നടത്തിവരികയായിരുന്നു. വാടകക്കെടുത്ത സ്ഥലത്ത് ഇവയെ കഞ്ചാവ് കച്ചവടത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി ഇന്നലെ അര്‍ധരാത്രി ഗാന്ധി നഗര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 18 കിലോയോളം കഞ്ചാവാണ് പിടികൂടിയത്.
പരിശോധന സമയത്ത് റോബിന്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. നായ്ക്കളെ അഴിച്ചുവിട്ടാണ് റോബിന്‍ രക്ഷപെട്ടത്. ഇയാളെ പിടികൂടാനായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
മനുഷ്യരെ അക്രമിക്കാന്‍ പ്രത്യേകം പരിശീലനം നല്‍കിയാണ് റോബിന്‍ നായ്ക്കളെ വളര്‍ത്തിയത്. കാക്കി വസ്ത്രം കണ്ടാല്‍ കടിക്കുകയും, ദേഷ്യമുണ്ടാകുന്ന വിധത്തിലുമാണ് നായ്ക്കളെ ഇയാള്‍ പരിശീലിപ്പിച്ചിരുന്നതെന്ന് വ്യക്തമാകുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
കഞ്ചാവ് കച്ചവടത്തില്‍ റോബിനൊപ്പം കൂടുതല്‍ പേര്‍ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇയാളെക്കുറിച്ച് വിവരം ലഭ്യമായിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
റോബിന്‍ പ്രദേശവാസി അല്ലെന്നും തങ്ങള്‍ പരിചയമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നായ്ക്കളുടെ പരിശീലനത്തിനൊപ്പം ഡേ കെയര്‍ സംവിധാനം എന്ന വ്യാജേനെയാണ് ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
Content Highlight: Complaint of selling ganja under the guise of dogs hostel in Kumaranallur, Kottayam