ന്യൂദല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ കൂടുതല്‍ നടപടികളുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയോടും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി.
അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
യു.എ.ഇയില്‍ നടന്ന ഓഷ്യന്‍ റിം മന്ത്രിതല സമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി മാനേജരായിരുന്ന സ്മിത മേനോന്‍ എങ്ങനെ പങ്കെടുത്തു എന്നത് സംബന്ധിച്ചാണ് വിശദീകരണം തേടിയത്.
നേരത്തെ സ്മിതാ മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലെന്ന് വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു. പിന്നെയെങ്ങനെ സ്മിത മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചോ എന്ന കാര്യത്തിലും എംബസി നിലപാട് വ്യക്തമാക്കും.
ഇതിനിടയില്‍ നിലവിലെ വിവാദത്തില്‍ ബി.ജെ.പി ദേശീയ നേതാക്കള്‍ക്കും അതൃപ്തിയുള്ളതായാണ് സൂചന. കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കള്‍ ഇക്കാര്യം ദേശീയ നേതാക്കളിലൂടെ ഉന്നയിക്കാനും ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
വി. മുരളീധരനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യാഴാഴ്ച വിശദീകരണം തേടിയിരുന്നു. വിദേശകാര്യമന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി പങ്കജ് മിശ്രക്ക് ഈ പരാതി കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി അരുണ്‍ പി ചാറ്റര്‍ജിയില്‍ നിന്നും ഓഫീസ് വിശദീകരണം തേടിയത്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
അബുദാബി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന് വി. മുരളീധരന്‍ അനുമതി നല്‍കിയത് വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങള്‍ ലംഘിച്ചാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
മാധ്യമപ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നിബന്ധനകളൊന്നും പാലിക്കാതെയാണ് മാധ്യമ പ്രവര്‍ത്തകപോലുമല്ലാത്ത സ്മിതാ മേനോനെ വി. മുരളീധരന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താനല്ല അനുവാദം നല്‍കിയതെന്നായിരുന്നു വിഷയത്തില്‍ വി. മുരളീധരന്‍ ആദ്യം പ്രതികരിച്ചത്. പിന്നീട് സ്മിതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ മുരളീധരന്‍ നിലപാട് മാറ്റുകയായിരുന്നു.
എന്നാല്‍ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതായുള്ള വാര്‍ത്തയില്‍ പ്രതികരിക്കാന്‍ മുരളീധരന്‍ തയ്യാറായിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക