മേജര്‍ രവിയുടേത് ചട്ടലംഘനം; സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു, പ്രധാനമന്ത്രിക്ക് പരാതി
Kerala News
മേജര്‍ രവിയുടേത് ചട്ടലംഘനം; സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു, പ്രധാനമന്ത്രിക്ക് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2024, 9:03 pm

മേപ്പാടി: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സൈനിക യൂണിഫോമിലെത്തിയ മേജര്‍ രവിക്കെതിരെ പരാതി. മേജര്‍ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. സൈന്യത്തില്‍ നിന്ന് വിരമിച്ച ആര്‍.എ. അരുണാണ് പരാതി നല്‍കിയത്.

ഡിഫന്‍സ് സര്‍വീസ് റെഗുലേഷന്‍ പ്രകാരം സൈന്യത്തില്‍ നിന്നും വിരമിച്ചയാള്‍ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി, വയനാട് എസ്.പി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

മേജര്‍ രവിക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സൈനിക യൂണിഫോമില്‍ വയനാട്ടിലെത്തിയ മേജര്‍ രവിയുടെ നടപടി പൊതുജനത്തിനും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കും. കൂടാതെ ഈ നടപടി സുരക്ഷാ പ്രശ്‌നവും സൃഷ്ടിക്കുമെന്ന് പരാതിയില്‍ പറയുന്നു.

മേജര്‍ രവിയുടെ പ്രവര്‍ത്തി ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്. മേജര്‍ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യന്‍ മിലിട്ടറി യൂണിഫോമിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. ദുരന്തമുഖത്ത് സൈന്യം നടത്തുന്ന സേവനത്തില്‍ അഭിമാനമുണ്ട്. എന്നാല്‍ സൈനിക യൂണിഫോമില്‍ ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുള്‍പ്പെടെ മേജര്‍ രവിയുടെ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും പരാതിക്കാരന്‍ പറയുന്നു.

പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചി എന്ന എക്സ് അക്കൗണ്ടിലൂടെയാണ് മേജര്‍ രവി സെല്‍ഫി പങ്കുവെച്ചത്. ടെറിടോറിയന്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ കൂടെയായ നടന്‍ മോഹന്‍ലാലിനൊപ്പം മുണ്ടക്കൈ സന്ദര്‍ശിച്ചപ്പോള്‍ മേജര്‍ രവി എടുത്ത സെല്‍ഫിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ നടപടിക്കെതിരെ വ്യപകമായി വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ചവിട്ടി നില്‍കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് നിലവില്‍ മുണ്ടക്കൈയില്‍ ഉള്ളതെന്ന് ചിത്രത്തെ വിമര്‍ശിച്ച് ആളുകള്‍ ചൂണ്ടിക്കാട്ടി. സെല്‍ഫി എടുത്തത് ശരിയായില്ലെന്നും ദുരന്ത ഭൂമിയില്‍ കാണിക്കേണ്ട ഔചിത്യം ഇവര്‍ കാണിക്കണമായിരുന്നെന്നും ആളുകള്‍ വിമര്‍ശിച്ചു.

Content Highlight: Complaint against Major Ravi who came in military uniform to visit the disaster affected areas of Wayanad