'ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം നാസികളുടേതിന് സമാനം'; കശ്മീര്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍
World News
'ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം നാസികളുടേതിന് സമാനം'; കശ്മീര്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th August 2019, 8:30 am

ഇസ്‌ലാമാബാദ്: ആര്‍.എസ്.എസിനെ നാസികളോട് ഉപമിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം നാസികള്‍ക്കു തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു.

‘നാസികളുടെ ആര്യന്‍ വംശീയാധിപത്യത്തിനു സമാനമായ ആര്‍.എസ്.എസ് മുന്നോട്ടുവെയ്ക്കുന്ന ഹിന്ദു ആധിപത്യമെന്ന ആശയത്തെക്കുറിച്ച് എനിക്കു ഭീതിയുണ്ട്. അത് അവസാനിക്കില്ല.

മറിച്ച്, അത് ഇന്ത്യയിലെ മുസ്‌ലിങ്ങളെ അടിച്ചമര്‍ത്തുന്നതിലേക്കും അതുവഴി പാക്കിസ്ഥാനെ ലക്ഷ്യം വെയ്ക്കുന്നതിലേക്കും എത്തും. ഹിന്ദു ആധിപത്യം ഹിറ്റ്‌ലറിന്റെ പ്രത്യയശാസ്ത്രം പോലെയാണ്.’- അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെക്കുറിച്ചു പരാമര്‍ശിക്കവെയായിരുന്നു ഖാന്‍ ആര്‍.എസ്.എസിനെ വിമര്‍ശിച്ചത്. ട്വിറ്ററിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വംശീയമായി തുടച്ചു നീക്കുകവഴി കശ്മീരിലെ ജനസംഖ്യാശാസ്ത്രം മാറ്റാനാണ് ഈ ശ്രമമെന്ന് ഖാന്‍ പറഞ്ഞു. മ്യൂണിക്കില്‍ ഹിറ്റ്‌ലര്‍ ചെയ്തതൊക്കെ ജനങ്ങള്‍ നോക്കിനിന്നോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെയ്ക്കാന്‍ പാക്കിസ്ഥാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കൂടാതെ, ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ പുറത്താക്കുകയും വ്യോമപാത ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയെ അനുകൂലിച്ച് കഴിഞ്ഞദിവസം ഇസ്‌ലാമാബാദിലെ തെരുവുകളില്‍ ബാനറുകളുമായിറങ്ങിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമാബാദിലെ റെഡ് സോണ്‍ കാറ്റഗറിയില്‍പ്പെട്ട അതീവ സുരക്ഷാ മേഖലകളിലും ബ്ലൂ സോണുകളിലുമാണ് ബാനറുകള്‍ ഉയര്‍ന്നത്.

ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവന ഉദ്ധരിക്കുന്ന ബാനറായിരുന്നു ഒന്ന്. ‘ ഇന്ന് നമ്മള്‍ ജമ്മു കശ്മീര്‍ തിരിച്ചുപിടിച്ചു. നാളെ നമ്മള്‍ ബലൂചിസ്ഥാന്‍ തിരിച്ചുപിടിക്കും. അതിന് ശേഷം പാക് അധീന കശ്മീര്‍. വിഭജിക്കാന്‍ സാധിക്കാത്ത ഇന്ത്യയെന്ന സ്വപ്നം പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്ക്കരിക്കുമെന്ന് ഉറപ്പുണ്ട്” എന്നായിരുന്നു ബാനറില്‍ കുറിച്ചത്.

‘അഖണ്ഡഭാരതം’ എന്നഴുതിയ ഇന്ത്യയുടെ മാപ്പായിരുന്നു മറ്റൊരു ബാനറില്‍. ഡസണ്‍ കണക്കിന് ബാനറുകളായിരുന്നു ഇസ്ലാമാബാദ് എഫ്- 6 സെക്ടറുകളില്‍ ഉയര്‍ന്നത്. പ്രസ് ക്ലബ്, അബ്പാര ചൗക്ക് എന്നിവിടങ്ങളിലും ബാനറുകള്‍ ഉയര്‍ന്നിരുന്നു.

വിഷയം അന്വേഷിക്കണമെന്നും ബാനറുകള്‍ പിടിച്ചെടുക്കാന്‍ അഞ്ച് മണിക്കൂര്‍ വൈകിയതിന്റെ കാരണവും അന്വേഷിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടതായി ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ബൈക്കിലെത്തിയ രണ്ടംഗ സംഘം എഫ്-6 സെക്ടറില്‍ ബാനറുകള്‍ സ്ഥാപിക്കുന്നത് സി.സി ടി.വി ക്യാമറയില്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.