പരിക്കിലും തളരാത്ത പോരാട്ട വീര്യം; സാങ്കേതിന്റെ മെഡല്‍ നേട്ടം പ്ലാസ്റ്ററിട്ട വലംകൈയുമായി
Sports News
പരിക്കിലും തളരാത്ത പോരാട്ട വീര്യം; സാങ്കേതിന്റെ മെഡല്‍ നേട്ടം പ്ലാസ്റ്ററിട്ട വലംകൈയുമായി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th July 2022, 11:36 pm

ബെര്‍മിങ്ഹാം: പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗര്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയിരിക്കുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ പ്രതീക്ഷയുമായിട്ടാണ് 21കാരനായ സാങ്കേത് ഇന്ന് ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്. മലേഷ്യയുടെ ഗോള്‍ഡണ്‍ സ്വപ്നമായ ബിന്‍ മുഹമ്മദ് അനീഖ് താരത്തിന് വലിയ ഭീഷണിയാവുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. കാര്യങ്ങള്‍ പ്രവചിക്കപ്പെട്ടതുപോലെ സാങ്കേതും അനീഖും തമ്മില്‍ നേര്‍ക്കുനേര്‍ വന്നു.

സ്നാച്ച് റൗണ്ടില്‍ 113 കിലോ ഭാരം ഉയര്‍ത്തി സാങ്കേത് വ്യക്തമായ ലീഡ് നേടി. ക്ലീന്‍ ആന്‍ഡ് ജെര്‍ക് റൗണ്ടിലെ ആദ്യ ശ്രമത്തിലും 135 കിലോ ഉയര്‍ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ബാക്കിയുള്ള ശ്രമങ്ങളില്‍ ലീഡുയര്‍ത്താനുള്ള കരുത്തുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു സാങ്കേതിന്റെ പ്രകടനം. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടില്‍ ആധിപത്യം സ്ഥാപിക്കാനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ശ്രമം. എന്നാല്‍ പിന്നീടുള്ള രണ്ട് ശ്രമങ്ങളിലും പരാജയപ്പെട്ടു.

വലതുകൈക്ക് പരുക്കേറ്റിട്ടും സ്വര്‍ണ നേട്ടത്തിലേക്കുള്ള ശ്രമം അവസാനിപ്പിക്കാന്‍ സാങ്കേത് തയ്യാറായിരുന്നില്ല. പരിക്ക് തിരിച്ചടിയായതോടെ അവസാന ശ്രമവും വിജയിച്ചില്ല. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടില്‍ സാങ്കേതിനേക്കാള്‍ ഏഴ് കിലോ ഉയര്‍ത്താന്‍ സാധിച്ചതോടെയാണ് സ്വര്‍ണം മലേഷ്യന്‍ താരത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

സംയുക്തമായി ഉയര്‍ത്തിയ ഭാരം പരിശോധിക്കുമ്പോള്‍ ഒരു കിലോ മാത്രമാണ് മലേഷ്യന്‍ താരത്തിന് കൂടുതലായി ഉയര്‍ത്താനായത്. പരിക്ക് ബുദ്ധിമുട്ടിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഇന്ത്യയുടെ സുവര്‍ണ താരമായി സാങ്കേത് മാറിയേനെ.

ഈ ഇനത്തിലെ ദേശീയ ചാമ്പ്യന്‍ കൂടിയാണ് സര്‍ഗര്‍. 2021 കോമണ്‍വെല്‍ത്ത് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടാനും സര്‍ഗറിന് സാധിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ സംഗാലിയിലാണ് സാങ്കേത് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഒളിമ്പിക്സില്‍ രാജ്യത്തിനായി സ്വര്‍ണം നേടുന്നത് ഉള്‍പ്പെടെയുള്ള വലിയ സ്വപ്നങ്ങളുണ്ടെന്ന് മെഡല്‍ സ്വീകരിച്ച ശേഷം താരം പ്രതികരിച്ചു. അതേസമയം, നേട്ടങ്ങള്‍ക്കപ്പുറം ദാരിദ്രപൂര്‍ണമായ സാമ്പത്തിക ചുറ്റുപാട് കൂടിയുണ്ട് സാങ്കേതിന്. പിതാവ് തെരുവില്‍ നടത്തുന്ന പാന്‍ ഷോപ്പാണ് കുടുംബത്തിന്റെ ഏക വരുമാനം. നേട്ടങ്ങള്‍ പിതാവിനെ സഹായിക്കാന്‍ തന്നെ പ്രാപ്തനാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സാങ്കേത് പറയുന്നു.

അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്ന് മെഡലാണ് ലഭിച്ചത്. മീരാഭായ് ചനുവാണ് 49 കിലോ വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗറിന്റെ വെള്ളിയും കൂടാതെ പുരുഷന്മാരുടെ 61 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടി.

ആകെ 201 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം കരസ്ഥമാക്കിയത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചനു സ്വര്‍ണം ഉറപ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. നേരത്തെ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.

സ്നാച്ചില്‍ 118 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 151 കിലോയും ഉയര്‍ത്തിയാണ് താരം വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. ഈ ഇനത്തില്‍ മലേഷ്യയുടെ അസ്നില്‍ ബിന്‍ ബിഡിന്‍ മുഹമ്മദ് സ്വര്‍ണം നേടി. 285 കിലോ ഉയര്‍ത്തിയാണ് താരം സ്വര്‍ണം നേടിയത്. പാപ്പുവ ന്യൂ ഗിനിയയുടെ മൊറിയ ബാരു വെള്ളി നേടി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുരുരാജ വെള്ളി മെഡല്‍ നേടിയിരുന്നു.

Content Highlight: Common Wealth games silver medal winner Sanket Mahadev Sargar’s story