ജാതിവിവേചനത്തിന് വിരാമം; വട്ടവടയില്‍ പൊതു ബാര്‍ബര്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു
Kerala News
ജാതിവിവേചനത്തിന് വിരാമം; വട്ടവടയില്‍ പൊതു ബാര്‍ബര്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th September 2020, 11:16 pm

മൂന്നാര്‍: വട്ടവടയില്‍ ജാതി വിവേചനത്തിന് വിരാമമിട്ട് ആദ്യത്തെ പൊതു ബാര്‍ബര്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു. ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനാണ് ബാര്‍ബര്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തത്.

കൊവിലൂര്‍ ബാസ്റ്റാന്‍ഡിന് സമീപത്തുള്ള പഞ്ചായത്ത് കെട്ടിടത്തിലാണ് ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.


നേരത്തെ പ്രദേശത്ത് താമസിക്കുന്ന ഒരു വിഭാഗം ആളുകളെ ജാതിയുടെ പേരില്‍ മുടിവെട്ടുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഈ പ്രതിസന്ധി രൂക്ഷമായതോടെയാണ് പഞ്ചായത്ത് ഇടപെട്ട് പൊതു ബാര്‍ബര്‍ ഷോപ്പിന്റെ പദ്ധതിക്ക് തുടക്കമിട്ടത്.

കാലങ്ങളായി ഈ പ്രദേശത്ത് ജാതി വിവേചനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെയാണ് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന് വന്നത്. സംഭവം വിവാദമായതോടെ പട്ടികജാതി ക്ഷേമ സമിതിയും വിഷയത്തില്‍ ഇടപെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറി വനപ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്നവരാണ് വിവേചനം ഏറെയും അനുഭവിച്ചിരിക്കുന്നത്. ജാതി വിവേചനത്തെ തുടര്‍ന്ന് 45 കിലോമീറ്റര്‍ ദൂരത്തോളം സഞ്ചരിച്ചാണ് ഇവര്‍ മുടിവെട്ടിയിരുന്നത്.

സ്‌കൂള്‍ കുട്ടികള്‍ക്ക് മുടിവെട്ടാനായി അവധി വരെ നല്‍കുന്ന സാഹചര്യവും ഉണ്ടായിരുന്നെന്ന് പ്രദേശവാസികളും വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Common Barber Shop inaugurated at Vattavada