അങ്ങിനെ, സ്വയം മറന്നുള്ള നൃത്തം ചവിട്ടലിനിടെ നര്‍ത്തകിയെ കാണാതായി. അരങ്ങിലിപ്പോള്‍ നൃത്തം മാത്രമേയുള്ളൂ നര്‍ത്തകിയില്ല. എഴുതിയെഴുതിയില്ലാതായ കഥാകാരി നിലാവിന്റെ കൈപിടിച്ച് യാത്രയായി. സ്‌നേഹത്തിന്റേയും കലഹത്തിന്റേയും ഋതുക്കളിലൂടെ…
കൊച്ചുമകള്‍ ചിന്‍മയിയെ എടുത്ത് നടക്കാന്‍ പോകാറുണ്ടായിരുന്ന വൈകുന്നേരങ്ങളെക്കുറിച്ച് അഷിതേച്ചി കത്തുകളില്‍ എഴുതിയത് ഓര്‍മ്മ വരുന്നു. പക്ഷികളോടൊപ്പം ഉണരുന്ന കുട്ടികളെക്കുറിച്ചായിരുന്നു ഒരു കത്തു നിറയെ.
ഒന്നും മിണ്ടാതെയുള്ള നടത്തങ്ങള്‍. കൈകളില്‍ മലര്‍ന്ന് കിടന്ന് ആകാശം നോക്കിനോക്കി ഇടക്കെപ്പോഴോ ഉറങ്ങിപ്പോകുന്ന ചിന്മയി. അവള്‍ എന്തായിരിക്കും ചിന്തിക്കുന്നത് എന്ന ആലോചന, ചിലപ്പോള്‍ പൂക്കളും പ്രാവുകളും അവളോട് എന്തെങ്കിലും പറയുന്നാവും എന്ന തോന്നല്‍….അങ്ങനെ നടന്നു മടങ്ങുമ്പോള്‍ അമ്മൂമ്മയെ ഓര്‍ത്ത് കണ്ണു നിറയുന്നത്. സ്‌നേഹം കൊണ്ട് നെഞ്ച് വിങ്ങുന്നത്. എടുത്തതൊന്നു മടക്കികൊടുക്കാനായില്ലാ എന്ന് സങ്കടപ്പെടുന്നത്. അഷിതേച്ചിയുടെ കത്തുകളില്‍ നിറയെ പൂക്കളും മണവും പ്രകാശവും നിലാവുമൊക്കെയാണ്. അതുകൊണ്ട് തന്നെ ആ കത്തുകള്‍ സൂക്ഷിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഓരോ നിമിഷവും നിറഞ്ഞു സ്‌നേഹിക്കൂ…തുളുമ്പി ജീവിക്കൂ എന്ന ഓര്‍മ്മപ്പെടുത്തലാണ് അവയുടെ സത്ത.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അഷിതേച്ചിക്ക് കത്തെഴുതിയത്. ഏതോ കഥ വായിച്ചുള്ള ഭ്രാന്തില്‍. മൂന്ന് രാത്രികളുടെ ശ്രമത്തിനൊടുവിലാണ് വെട്ടിയും തിരുത്തിയും കത്ത് പൂര്‍ത്തിയാക്കി അയച്ചത്. മാസങ്ങള്‍ കാത്തിരുന്നിട്ടും മറുപടി വന്നില്ല. വീടിന്റെ തൊടിയിലൂടെ വിയര്‍ത്ത് നടന്നു വരുന്ന തപാല്‍ ശിപായിയെ പ്രതീക്ഷയോടെ നോക്കും, നിരാശപ്പെടും. പതിയെ ആ കത്തുതന്നെ മറന്നു. അപൂര്‍ണ വിരാമങ്ങളും മഴമേഘങ്ങളുമൊക്കെ വായിച്ച് കഥാകാരിയോട് ഇഷ്ടവും പ്രണയവും ഒക്കെ തോന്നി. കാലം കടന്നുപോയി.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പബ്ലിക്കേഷന്റെ ഭാഗമായപ്പോഴാണ് അഷിതേച്ചിയുമായി പിന്നീട് ഇടപെടുന്നത്. ഫോണിലൂടെ പല തവണ സംസാരിച്ചു, പഴയ ആരാധനയോടെ. പണ്ട് കത്തെഴുതി നിരാശനായ കഥ പറഞ്ഞു. ചിരിച്ചുകൊണ്ട് എല്ലാം കേട്ട് സമാധാനിപ്പിച്ചു. അത്ഭുതപ്പെടുത്തിക്കൊണ്ട് മൂന്നാം നാള്‍ ചേച്ചിയുടെ മറുപടി വന്നു. ഇരുപത്തിയഞ്ച് വര്‍ഷം മുന്നെ എഴുതിയ കത്തിനുള്ള മറുപടി. അതിങ്ങനെയാണ് തുടങ്ങുന്നത്
“”ഷംസുദ്ദീന്‍ വിളിച്ചപ്പോള്‍ ഒരു പത്താം ക്ലാസുകാരന്‍ പയ്യന്‍, കാലത്തിനൊപ്പം ഓടിയോടി, ഒടുവില്‍ അതിനെ മറികടന്ന് എന്റെ മുന്നിലെത്തിയപോലെ തോന്നി. പത്താം ക്ലാസുകാരനെഴുതാതെ പോയ മറുപടിയും ചേര്‍ത്തിട്ടാണ് ഈ കത്ത്. ഷംസു ഓടിയപോലെ ഞാനും ഒരിക്കല്‍ ഓടിയിട്ടുണ്ട്. അത് ഈ തലത്തിലുള്ള ഓട്ടമായിരുന്നില്ല, പക്ഷേ…””- ബോംബൈയില്‍ അച്ഛനൊപ്പം കൊളാബവരെ പോയ കഥയാണ് തുടര്‍ന്ന് കത്തില്‍.
ബസില്‍ നിന്ന് അച്ഛനിറങ്ങുന്നത് മുന്നില്‍ നിന്നു കണ്ട പതിനേഴു വയസ്സുള്ള അഷിത ബഹളം വെച്ചെങ്കിലും ബസ്സ് യാത്ര തുടര്‍ന്നു. പൊട്ടിക്കരയാന്‍ തുടങ്ങിയതോടെ ആരൊക്കെയോ ഇടപെട്ട് ബസ്സ് നിര്‍ത്തിച്ചു. വെള്ളയമ്പലം തൊട്ട് ശാസ്തമംഗലം വരെയുള്ള ദൂരം അച്ഛനെ തിരഞ്ഞ് ഓടി, ഓടിയോടി തളര്‍ന്നു. ഒടുവില്‍ ദൂരെ അച്ഛനെ കണ്ടു. റോഡു മുറിച്ചു കടക്കാന്‍ നില്‍ക്കുന്നു. ഓരോ തവണ അച്ഛന്‍ റോഡു മുറിച്ചു കടക്കാന്‍ നോക്കുമ്പോഴും ബസും കാറും ഇരച്ചു വന്ന് തടുക്കുന്നു. അച്ഛന്‍ പുറകോട്ടു മാറി ഫുട്പാത്തിലേക്ക് കയറാന്‍ നിര്‍ബന്ധിതനാകുന്നു. ഒരു ഡബിള്‍ ഡെക്കര്‍ ബസ് ഇരച്ച് വന്ന് അച്ഛന് മുന്നില്‍ വഴിമുടക്കിയപ്പോള്‍ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു. ആ ഓര്‍മ്മയില്‍ പില്‍ക്കാലത്ത് റോഡ് മുറിച്ചുകടക്കുമ്പോള്‍ കൂടെയുള്ളവരുടെ കൈപിടിക്കാറുണ്ടെന്നും കത്തില്‍ പറയുന്നു. അച്ഛന്‍ അന്ന് നിരത്ത് മുറിച്ചു കടന്നുപോയിരുന്നെങ്കില്‍ പതിനേഴ് വയസ്സുള്ള ഒരു പെണ്‍കുട്ടി ബോബൈ പോലൊരു നഗരത്തില്‍ അലഞ്ഞുതിരിഞ്ഞേനെ. “”അപ്പോള്‍ അവള്‍ക്കെന്തു സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ. ഇന്ന് ഷംസുവിന് ഇങ്ങിനെ എഴുതാന്‍ ഒരാളുണ്ടാവുമായിരുന്നില്ല.””-
സ്‌കൂളും വീടും ഒഴികെ ഒന്നും കാണാത്ത ബോംബെ കാലത്തിനെ കുറിച്ചുള്ള ഓര്‍മ്മകളും ദൈവവും മുത്തശ്ശിയും പ്രപഞ്ചവുമൊക്കെയായിരുന്നു തുടര്‍ന്നുള്ള വരികളില്‍. എല്ലാ കത്തുകളിലും ഇതൊക്കെതന്നെ. ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ അഷിതേച്ചിയെഴുതിയ കത്തുകള്‍ പകര്‍ന്ന സമാധാനം ചെറുതല്ല. എപ്പോഴും കൂടെയുണ്ട് വെളിച്ചം പരത്തിക്കൊണ്ട് ആ കത്തുകള്‍.
അഷിതയുടെ ഹൈക്കു കവിതകള്‍, സ്‌നേഹം തന്നെ സ്‌നേഹത്താലെഴുതിയത് എന്നീ പുസ്തകങ്ങളുടെ ഒപ്പം തുടക്കം മുതല്‍ സഞ്ചരിക്കാന്‍ പറ്റിയത് ഭാഗ്യമായി കരുതുന്നു. “സ്‌നേഹം തന്നെ സ്‌നേഹത്താലെഴുതിയത്”– എന്ന കത്തുകളുടെ സമാഹാരത്തിന് ചേച്ചി നിര്‍ബന്ധിച്ച് അവതാരികയെഴുതിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ പെടും. എഴുത്തുകാരി ഇ.കെ ഷാഹിനയോടൊപ്പമാണ് പുസ്തകം എഡിറ്റ് ചെയ്തത്. ഷാഹിനയുടെ ഒരുപാട് ദിവസങ്ങളും പ്രയത്‌നവും ഈ പുസ്തകത്തിന് പിന്നിലുണ്ട്. കവറിലെ ബ്ലര്‍ബും പുസ്തക കുറിപ്പുമെല്ലാം എഴുതാന്‍ കഴിഞ്ഞു. (ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക പ്രസിദ്ധീകരിച്ച ഈ രണ്ടു പുസ്തകങ്ങളുടേയും പുതിയ പതിപ്പുകള്‍ പിന്നീട് മാതൃഭൂമി ബുക്‌സാണ് ഇറക്കിയത്)
കണ്ണടച്ച് കാതോര്‍ത്താല്‍ മാത്രം കേള്‍ക്കുന്ന പ്രകൃതിയിലെ ചില അനക്കങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് “സ്‌നേഹം തന്നെ സ്‌നേഹത്താലെഴുതിയത്”- പുസ്തകത്തിന്റെ അവതാരിക തുടങ്ങുന്നത്. മരച്ചില്ലയില്‍ നിന്ന് ഇലകള്‍ ഞെട്ടറ്റു വീഴുന്നത്, തൊട്ടാവാടി കൂമ്പുന്നത്, മണ്ണിലേക്ക് മഞ്ഞിനൊപ്പം രാത്രി ഇറ്റിവീഴുന്നത്, കടലില്‍ മഴപെയ്യുന്നത്, പകലില്‍ രാത്രി കനക്കുന്നത്, പൂക്കളില്‍ നിന്ന് സുഗന്ധം പരക്കുന്നത്… അങ്ങനെയങ്ങനെയുള്ള അനക്കങ്ങള്‍.
അഷിതയുടെ രചനകളിലുമുണ്ട് ഇങ്ങനെ ചില ഒച്ചയനക്കങ്ങള്‍. ധ്യാനനിരതമായ വായനയില്‍ മാത്രം ഇവ അനുഭവിക്കാം. ധ്യാനവും പ്രണയവും മഴയും വെയിലും ഒരു കീറ് ആകാശവും അതില്‍ ഏറെ നക്ഷത്രങ്ങളും നിലാവിന്റെ കടലും മഹാമൗനത്തിന്റെ അനന്തതയും അഷിതയുടെ രചനകളില്‍ നിറയുന്നു. ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന ഭാഷയാണ് അഷിതയുടെ മഷി. അതുകൊണ്ടായിരിക്കും അവര്‍ക്കിത്രയും വായനക്കാര്‍. മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള എഴുത്തുകാരി അഷിതയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഫോണിലും നേരിട്ടും മണിക്കൂറുകളോളം അഷിതേച്ചി സംസാരിക്കുമായിരുന്നു. സ്വന്തം അസുഖത്തെ കുറിച്ചും എഴുത്തിനെകുറിച്ചും ഞങ്ങള്‍ക്കിടയിലെ പൊതു സുഹൃത്തുക്കളെ കുറിച്ചുമെല്ലാം പറയും. ആരോടും പറയാന്‍ പാടില്ലെന്ന മുഖവുരയിലാകും ചിലപ്പോള്‍ സംസാരം തുടങ്ങുക. മിണ്ടുന്നതിനിടയില്‍ ചിലപ്പോള്‍ വഴക്കിടും. ഇതിനിടയില്‍, എന്തെങ്കിലും അസുഖം വന്ന വിവരം പറഞ്ഞാല്‍ കാണിക്കാനുള്ള ഡോക്ടറെ വരെ നിര്‍ദേശിക്കും. ചേച്ചിയുടെ സ്‌നേഹം ഒരുപാടനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒറ്റക്കിരുന്ന് ഓര്‍ക്കുമ്പോഴാണ് എന്തുമാത്രം കരുതലും പരിഗണനയും തന്നിരുന്നു എന്ന് മനസിലാകുന്നത്.
എത്ര പിണങ്ങിയാലും പിന്നെയും വലിച്ചടുപ്പിക്കുന്ന വല്ലാത്തൊരു കാന്തികത അവരിലുണ്ടായിരുന്നു. വീണ്ടും തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ അഷിതേച്ചിയുടെ ഭര്‍ത്താവ് രാമന്‍കുട്ടി സാറിനൊപ്പം പല സ്ഥലങ്ങളില്‍ ഫ്‌ളാറ്റുകള്‍ കാണാന്‍ കൂടെ പോയി. കാണുന്ന ഫളാറ്റുകളുടെയെല്ലാം ഫോട്ടോയെടുത്ത് ചേച്ചിക്ക് വാട്‌സ്ആപ്പ് ചെയ്യും. ചിലത് കണ്ട്, അപ്പോള്‍ തന്നെ വേണ്ട എന്ന് പറയും. താമസിക്കുന്ന ഇടവും അന്തരീക്ഷവുമൊക്കെ വളരെ പ്രധാനമായിരുന്നു ചേച്ചിക്ക്. ഇണങ്ങിയും പിണങ്ങിയും ഇങ്ങനെ കുറച്ചു വര്‍ഷങ്ങള്‍…അവസാനകാലത്ത് ചേച്ചിയെ വിളിക്കാന്‍ പറ്റിയിരുന്നില്ല. വിഷമഘട്ടങ്ങളിലൂടെ കടന്നുപോയപ്പോളൊക്കെ ചേച്ചി കത്തുകള്‍ അയച്ചിരുന്നു.
സ്വന്തം രചനകളില്‍ ഏതെങ്കിലും സിനിമയായി കാണാന്‍ ചേച്ചി ആഗ്രഹിച്ചിരുന്നു. പലരും കഥകള്‍ വായിച്ച് ആവേശത്തോടെ അനുവാദം ചോദിച്ചുപോകും. പിന്നീട് ആരെയും കാണാറില്ലെന്ന് ചേച്ചി പല തവണ പറഞ്ഞിട്ടുണ്ട്. “മയില്‍പ്പീലിസ്പര്‍ശം”- എന്ന കുഞ്ഞുനോവല്‍ സിനിമയാക്കാനുള്ള ശ്രമവും നടന്നിരുന്നു. പിന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം നെടുമുടിവേണുവിനെയും പെരുമ്പാവൂര്‍ ജി രവീന്ദ്ര നാഥിനെയും കാണാന്‍ പോയി. രണ്ടുപേരും എല്ലാ സഹായങ്ങളും വാഗദാനം ചെയ്‌തെങ്കിലും എന്തൊക്കെയോ കാരണങ്ങളാല്‍ സിനിമ നടന്നില്ല.
പ്രിയ ഏ എസ് ആയിരുന്നു തിരക്കഥയെഴുതിയത്. അഷിതേച്ചിയും തിരക്കഥയെഴുതിവെച്ചിരുന്നു. പിന്നെയും ചില ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും വിജയിച്ചില്ല. അഷിതേച്ചിയുമായുള്ള ദീര്‍ഘ സംഭാഷണം പുസ്തകമാക്കുക എന്നത് വലിയ സ്വപ്നമായിരുന്നു. അതിന് ചേച്ചിയും സമ്മതിച്ചു. ചേച്ചിയുടെ പുസ്തകങ്ങള്‍ മുഴുവന്‍ ഒരിക്കല്‍കൂടി വായിച്ചു. ഒരു പകല്‍ മുഴുവന്‍ തിരുവനന്തപുരത്തെ “ഖസാക്ക്”- എന്ന ഹോട്ടലില്‍ ഇരുന്ന് സംസാരിച്ചു. അന്നാണ് ചേച്ചിയുടെ കനല്‍ പോലെ നീറിയ ജീവിത കഥ അടുത്തറിഞ്ഞത്. സംസാരത്തിനിടയില്‍ പല തവണ ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു. പിന്നെയും ഇരിക്കാന്‍ തീരുമാനിച്ചെങ്കിലും പറ്റിയില്ല. വിളിക്കുമ്പോാെഴാക്കെ ഉടനെ ചെയ്തു തീര്‍ക്കണമെന്നു പറയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ തുടര്‍ന്ന് ഇരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവാണ് ചേച്ചിയുമായുള്ള ദീര്‍ഘ അഭിമുഖം തയ്യാറാക്കിയത്.
അഷിത എന്ന എഴുത്തുകാരിയുടെ രചനകളെ വിലയിരുത്താനൊന്നും കഴിവുള്ളതായി സ്വയം തോന്നിയിട്ടില്ല. ഒരു തവണ വായിച്ചു മറക്കാന്‍ പറ്റുന്നവയല്ല ആ രചനകള്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിനുമുകളില്‍ പെയ്യുന്ന മഴയൊച്ചക്കൊപ്പം പല താളത്തില്‍ പല തവണ അവ ആവര്‍ത്തിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. ഓരോ വായനയിലും പുതിയ എന്തെങ്കിലും ചിന്ത അവ തന്നുകൊണ്ടേയിരുന്നു. എത്ര സങ്കീര്‍ണമായ ജീവിതാവസ്ഥകളേയും അതി ലളിതമായി അവതരിപ്പിക്കുന്ന എഴുത്തുകാരി പ്രയോഗിക്കുന്ന വാക്കുകള്‍ പോലും അത്രയേറെ സൂക്ഷ്മതയുള്ളതും മൃദുവായതുമാണ്.
കടഞ്ഞെടുത്ത പേരുകളാണ് ഓരോ കഥകള്‍ക്കും നല്‍കിയത്. അപൂര്‍ണവിരാമങ്ങള്‍, കൈയ്യൊപ്പുകള്‍, അമ്മ എന്നോടു പറഞ്ഞ നുണകള്‍, കൊഴിഞ്ഞ തൂവലുകള്‍ പെറുക്കുന്നവര്‍, നിലാവിന്റെ നാട്ടില്‍…ഇങ്ങനെ എത്രയെത്ര കഥകളാണ് അവര്‍ നമ്മുടെ മനസിലേക്ക് കുടഞ്ഞിട്ടത്. അവരെഴുതിയ കത്തുകള്‍ പോലും കടലുപോലെ ആഴമുള്ള പൊരുളാണ്.
അഷിതേച്ചിയെ കാണാനും പരിചയപ്പെടാനും ആഗ്രഹിച്ച ഒരുപാടുപേരുണ്ടായിരുന്നു. പല പ്രായത്തിലുള്ളവര്‍. ചിലരോട് ചേച്ചി അങ്ങോട്ടുപോയി കൂട്ടുകൂടി. അസുഖത്തിന്റെ അസ്വസ്ഥതകള്‍ അറിയിക്കാതെ അക്ഷരങ്ങളുടെ മറവില്‍ ഒളിഞ്ഞിരുന്ന് മിണ്ടിക്കൊണ്ടേയിരുന്നു. കത്തുകളായും വാട്‌സ്ആപ്പ് മെസേജുകളായും ആ സൗഹൃദങ്ങള്‍ ശലഭങ്ങള്‍ കണക്കെ പാറിപ്പറന്നു. ചിലരുടെ ആത്മീയ ഗുരുവായി, അവര്‍ പോലും അറിയാതെ. ചേച്ചിയുടെ കത്ത് കിട്ടി സ്വയം മറന്ന് നൃത്തംചെയ്ത ഒരു സുഹൃത്തിനെ ഓര്‍ക്കുന്നു. ഒന്നല്ല, ഒരുപക്ഷേ ഒരുപാട് സുഹൃത്തുക്കള്‍ പ്രപഞ്ചത്തിന്റെ പല കോണുകളില്‍ ഇങ്ങനെ നൃത്തം ചെയ്തിട്ടുണാവാം. കാരണം അഷിത അവര്‍ക്കെല്ലാം വെളിച്ചമായിരുന്നു. അഷിത എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ പ്രത്യാശയാണ്.
“”അമ്മൂമ്മ മരിച്ചപ്പോള്‍ ഈ ലോകത്തിന്റെ അറ്റംവരെ ഞാന്‍ കൂട്ടുപോയി. പിന്നെ അമ്മൂമ്മ തനിച്ചുപോയി. ഞാന്‍ മടങ്ങി. ആരുമരിച്ചാലും ഒരുമാസത്തില്‍ കൂടുതല്‍ ദു:ഖിക്കുന്നത് മണ്ടത്തരമാണെന്നു ഗുരു പറയുമായിരുന്നു””- ഒരു കത്തില്‍ അഷിതേച്ചി എഴുതി. ജീവിതത്തെപ്പോലെയോ അതില്‍കൂടുതലോ മരണത്തെ കുറിച്ച് ജ്ഞാനമുണ്ടായിരുന്നു ചേച്ചിക്ക് എന്നുറപ്പാണ്. ഒരാള്‍ക്ക് തന്റെ ജീവിതം തമാശയല്ലാതായിക്കഴിഞ്ഞാല്‍ ശരീരത്തില്‍ അവശേഷിക്കേണ്ട കാര്യമില്ല എന്ന നിത്യ ചൈതന്യയതിയുടെ വാക്കുകളെ അഷിതേച്ചിയോളം ഉള്‍ക്കൊള്ളാന്‍ മറ്റാര്‍ക്കു കഴിയും.