കൊടുങ്കാറ്റ് ആഞ്ഞടിച്ചു, വീണ്ടും സെഞ്ച്വറി; കേരളം കുതിക്കുന്നു
Sports News
കൊടുങ്കാറ്റ് ആഞ്ഞടിച്ചു, വീണ്ടും സെഞ്ച്വറി; കേരളം കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st October 2024, 1:17 pm

സി.കെ. നായിഡു ട്രോഫിയില്‍ സെഞ്ച്വറി തിളക്കവുമായി മലയാളി സൂപ്പര്‍ താരം ഷോണ്‍ റോജര്‍. കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഉത്തരാഖണ്ഡിനെതിരെ നടക്കുന്ന മത്സരത്തിലാണ് റോജര്‍ സെഞ്ച്വറി നേടിയത്. മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വരുണ്‍ നായനാരും സെഞ്ച്വറി നേടിയിരുന്നു.

ടൂര്‍ണമെന്റില്‍ ഷോണ്‍ റോജറിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. നേരത്തെ മഹാജന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജാര്‍ഖണ്ഡിനെതിരെ നടന്ന ആദ്യ മത്സരത്തിലും സൂപ്പര്‍ താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

196 പന്തില്‍ നിന്നും 165 റണ്‍സാണ് താരം ജാര്‍ഖണ്ഡിനെതിരെ നേടിയത്. 14 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ജാര്‍ഖണ്ഡിനോട് പരാജയപ്പെട്ടെങ്കിലും റോജറിന്റെ ഇന്നിങ്‌സ് മലയാളി ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

ഇപ്പോള്‍ സ്വന്തം തട്ടകത്തിലും റോജര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രണ്ടാം ദിവസം ലഞ്ചിന് ശേഷം മടങ്ങിയെത്തി അധികം വൈകാതെ തന്നെ റോജര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ദിവസം തന്നെ കേരളം മികച്ച സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. വരുണ്‍ നായനാരുടെ സെഞ്ച്വറിയാണ് ടീമിന് തുണയായത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 23ല്‍ നില്‍ക്കവെ ഓപ്പണര്‍ റിയ ബഷീറിനെ കേരളത്തിന് നഷ്ടമായി. 24 പന്തില്‍ പത്ത് റണ്‍സ് നേടി നില്‍ക്കവെ അജയ്‌യുടെ പന്തില്‍ സന്‍സ്‌കാര്‍ റാവത്തിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

വണ്‍ ഡൗണായി വിക്കറ്റ് കീപ്പര്‍ വരുണ്‍ നായനാരാണ് ക്രീസിലെത്തിയത്. ക്യാപ്റ്റന്‍ അഭിഷേക് നായരെ ഒപ്പം കൂട്ടി വരുണ്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

മികച്ച കൂട്ടുകെട്ടുമായി മുമ്പോട്ട് കുതിക്കുകയായിരുന്ന ഈ പാര്‍ട്ണര്‍ഷിപ്പിന് ഹര്‍ഷ് റാണ ഫുള്‍ സ്റ്റോപ്പിട്ടു. ടീം സ്‌കോര്‍ 94ല്‍ നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ സന്‍സ്‌കാര്‍ റാവത്തിന് ക്യാച്ച് നല്‍കി ക്യാപ്റ്റന്‍ പുറത്തായി. 67 പന്തില്‍ 31 റണ്‍സുമായാണ് അഭിഷേക് നായര്‍ മടങ്ങിയത്.

നാലാം നമ്പറില്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയനായ ഷോണ്‍ റോജറാണ് കളത്തിലിറങ്ങിയത്. വരുണിനെ ഒപ്പം കൂട്ടി റോജര്‍ കേരളത്തെ വീണ്ടും ഡ്രൈവിങ് സീറ്റിലിരുത്തി. ഇരുവരും മാറി മാറി ഉത്തരാഖണ്ഡ് ബൗളര്‍മാരെ പരീക്ഷിച്ചുകൊണ്ടിരുന്നു.

മത്സരത്തിന്റെ രണ്ടാം ദിവസം 13 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വരുണ്‍ മടങ്ങി. 156 പന്തില്‍ 122 റണ്‍സാണ് താരം നേടിയത്. ഇവര്‍ക്ക് പുറമെ 21 പന്തില്‍ 25 റണ്‍സ് നേടിയ രോഹന്‍ നായരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

നിലവില്‍ 70 ഓവര്‍ പിന്നിടുമ്പോള്‍ 318ന് നാല് എന്ന നിലയിലാണ് കേരളം. 139 പന്തില്‍ 105 റണ്‍സുമായി ഷോണ്‍ റോജറും 14 പന്തില്‍ 12 റണ്‍സുമായി അഹമ്മദ് ഇമ്രാനുമാണ് ക്രീസില്‍.

കേരളം പ്ലെയിങ് ഇലവന്‍

അഭിഷേക് നായര്‍ (ക്യാപ്റ്റന്‍), റിയ ബഷീര്‍, അഹമ്മദ് ഇമ്രാന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ഷോണ്‍ റോജര്‍, രോഹന്‍ നായര്‍, ആസിഫ് അലി, എ. ജിഷ്ണു, പവന്‍ രാജ്, കിരണ്‍ സാഗര്‍, ഈഥന്‍ ആപ്പിള്‍ ടോം.

ഉത്തരാഖണ്ഡ് പ്ലെയിങ് ഇലവന്‍

സന്‍സ്‌കാര്‍ റാവത്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹിതേഷ്, ശിവാന്‍ഷ്, ആഞ്ജനേയ സൂര്യവന്‍ഷി, ശാശ്വത് ദാങ്വാള്‍, ആരുഷ്, ഹര്‍ശ് പട്വാള്‍, രോഹി, ആദിത്യ റാവത്ത്, അജയ്.

 

Content Highlight: Col. CK Nayudu Trophy: Kerala vs Uttarakhand: Shaun Roger completed century