ബാബരി മസ്ജിദ്: കോബ്രാ പോസ്റ്റ് വെളിപ്പെടുത്തല്‍ ശരി വെച്ച് പ്രമോദ് മുത്തലിക്
India
ബാബരി മസ്ജിദ്: കോബ്രാ പോസ്റ്റ് വെളിപ്പെടുത്തല്‍ ശരി വെച്ച് പ്രമോദ് മുത്തലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th April 2014, 6:45 pm

[share]

[] ബംഗലൂരു: ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് ##കോബ്രാ പോസ്റ്റ് പുറത്ത് കൊണ്ടുവന്ന വെളിപ്പെടുത്തലുകള്‍ 100 ശതമാനം സത്യമാണെന്ന് ശ്രീരാമസേന മുഖ്യന്‍ ##പ്രമോദ് മുത്തലിക്.

ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അതുപോലെ അദ്വാനിയുമുണ്ടായിരുന്നു. അമ്പലം അവിടെത്തന്നെ നിര്‍മ്മിക്കണമെന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. ബി.ജെ.പിയും സംഘ്പരിവാരും എന്തിനാണ് മസ്ജിദ് തകര്‍ത്ത കാര്യം നിഷേധിക്കുന്നത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ തളര്‍ത്തിയേക്കാം, എങ്കിലും അവര്‍ അത് അംഗീകരിക്കണം. ഞാന്‍ അതില്‍ അഭിമാനിക്കുന്നു. ബി.ജെ.പിയും അഭിമാനിക്കണം- മുത്തലിക്ക് വ്യക്തമാക്കി.

മസ്ജിദ് തകര്‍ക്കുന്നതിനുള്ള പദ്ധതി 10 വര്‍ഷത്തോളമെടുത്ത് രൂപപ്പെടുത്തിയതാണെന്നും  എന്നാല്‍ ഡൈനാമിറ്റ് ഉപയോഗിച്ച് മസ്ജിദ് തകര്‍ക്കാനുള്ള പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും മുത്തലിക്ക് പറഞ്ഞു.

കോബ്രാ പോസ്റ്റ് അന്വേഷണത്തിന് പ്രമോദ് മുത്തലിക് നല്‍കുന്ന കൈയ്യൊപ്പ് വാര്‍ത്തയെ നിഷേധിച്ച ബി.ജെ.പിയ്ക്ക് വെല്ലുവിളിയാകും. 2009ല്‍ മംഗല്‍രുവിലെ പബ്ബില്‍ വെച്ച് സ്ത്രീകളെ അക്രമിച്ച കേസില്‍ പ്രതിയായ മുത്തലിക് ബി.ജെ.പിയ്‌ക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുമുണ്ട്. കഴിഞ്ഞാഴ്ച പ്രമോദ് മുത്തലിക്കിന് ബി.ജെ.പി അംഗത്വം നല്‍കിയിരുന്നെങ്കിലും സംഭവം വിവാദമായതിനെ തുടര്‍ന്ന് അംഗത്വം നീക്കം ചെയ്യുകയായിരുന്നു.

അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത് ആസൂത്രിയമായിരുന്നെന്നും ബി,ജെ.പി നേതാക്കളായ എ.കെ അദ്വാനി, ഉമാഭാരതി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് എന്നിവര്‍ക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നെന്നും ഇന്‍വെസ്റ്റിഗേഷന്‍ വെബ്‌സൈറ്റായ കോബ്രാ പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു. കോബ്ര പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ.ആശിഷ് ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട 23 പ്രമുഖ വ്യക്തികളുമായി നടത്തിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഉള്ളത്.

എന്നാല്‍ കോബ്ര പോസ്റ്റ് വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബി,ജെ.പി ആരോപിച്ചിരുന്നു.

പണം തരൂ.. ഞങ്ങള്‍ കലാപങ്ങളുണ്ടാക്കിത്തരാം