തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ 1,808 ബസുകള്‍ കട്ടപ്പുറത്താണെന്ന്
സി.എം.ഡി ബിജു പ്രഭാകര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
സ്ഥലം വിറ്റ് കെ.എസ്.ആര്‍.ടിസിയുടെ കടം വീട്ടുന്നതിനോട് യോജിപ്പില്ല. ഏത് നല്ല നിര്‍ദേശത്തേയും യൂണിയനുകള്‍ അറബിക്കടലില്‍ തള്ളിക്കളയുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസവും കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം വിശദീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ വീഡിയോ.
കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമായി വന്ന കെ. സ്വിഫ്റ്റിന്റെ വരവിനെ സൂചിപ്പിക്കുന്നതാണ് പുതിയ വീഡിയോ. കെ.എസ്.ആര്‍.ടി.സിയെ വിഴുങ്ങാനല്ല കെ. സ്വിഫ്റ്റ് കമ്പനി ഉണ്ടാക്കിയതെന്നും ബാങ്കുകള്‍ ലോണുകള്‍ തരാത്ത സാഹര്യത്തിലാണ് കിഫ്ബിയില്‍ നിന്ന് പണമെടുത്ത് പുതിയ കമ്പനി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഒരുവിഭാഗം ജീവനക്കാര്‍ കെ.എസ്.ആര്‍.ടിസിയെ പൂര്‍ണമായും അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടുപോവുകയാണെന്നും യാതൊരും ചര്‍ച്ചക്കും അവര്‍ തയ്യാറാകുന്നില്ലെന്നും അദ്ദഹം ആരോപിച്ചു.
‘മന്ത്രിയും എം.ഡിയും വില്ലന്മാരാണെന്ന തരത്തിലാണ് ചിലര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. കമ്പനി നന്നാവരുതെന്ന് ചിന്തിക്കുന്നവരാണിവര്‍. ഓഡിറ്റിങ്ങ് ഇപ്പോഴും കൃത്യമല്ല. ഇതുസംബന്ധിച്ച് ഒരു വിജലന്‍സ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അത് സുതാര്യമായിട്ടല്ല നടന്നത്.
സോഷ്യലിസം പറയുന്നവര്‍ ചൈനയില്‍ പോയി നോക്കണം. സ്വിഫ്റ്റിലെ ജീവനക്കാരുടെ വേതനം കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം മാത്രമാണ്. ഇത് സോഷ്യലിസ്റ്റ് ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണോ എന്ന കാര്യം എനിക്കും അറിയില്ല.
സ്വിഫ്റ്റ് ഒരു തരത്തിലും കെ.എസ്.ആര്‍.ടിസിയെ ബാധിക്കുന്നില്ല. ഇതിനെ ആ രീതിയില്‍ ചിത്രീകരിക്കാന്‍ കമ്പനികളുടെ ശ്രമം നടക്കുന്നുണ്ട്,’ ബിജു പ്രഭാകര്‍ പറഞ്ഞു.
അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം സൂചന നല്‍കിയിരുന്നു. തനിക്കെതിരെ അസഭ്യം എഴുതിവെച്ച് പ്രകോപിക്കാന്‍ ശ്രമം നടത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.