തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തെരുവ് നായ പ്രശ്‌നത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവ് നായകളെ കൊന്നൊടുക്കികൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും ശാസ്ത്രീയമായ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
തെരുവ് നായ ആക്രമണവും പേവിഷബാധയും സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സര്‍ക്കാര്‍ ഇതുവരെ ചെയ്ത നടപടികളെ കുറിച്ച് വിശദമാക്കി. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന തീവ്ര വാക്‌സിനേഷന്‍ ഡ്രൈവിനെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.
‘തെരുവ് നായകളുടെ ആക്രമണവും പേവിഷബാധയും സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു. ഈ വര്‍ഷം 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതില്‍ 15 പേരും പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ എടുക്കാത്തവരാണ്. ഒരാള്‍ ഭാഗികമായും 5 പേര്‍ നിഷ്‌കര്‍ഷിച്ച രീതിയിലും വാക്‌സിന്‍ എടുത്തവരാണ്. ഓരോ മരണങ്ങളും വിദഗ്ധമായി അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുന്നുണ്ട്.
മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ കണക്കുകള്‍ പ്രകാരം 2021-2022 കാലയളവില്‍ റാബീസ് വാക്‌സിന്റെ ഉപയോഗത്തില്‍ 57 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ആന്റി റാബീസ് വാക്‌സിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നത് കേന്ദ്രമാണ്. സര്‍ട്ടിഫൈ ചെയ്ത മെഡിസിനുകള്‍ മാത്രമാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്നത്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വളര്‍ത്തുമൃഗങ്ങളില്‍ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തി. 1,20,000 കുത്തിവെപ്പുകള്‍ കടിയേറ്റ മൃഗങ്ങള്‍ക്ക് നല്‍കി. കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിക്കും. ഒരു മാസത്തില്‍ പത്തോ അതിലധികമോ തെരുവ് നായ ആക്രമണങ്ങള്‍ നടന്ന പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കിയാണ് ഈ നടപടി പുരോഗമിക്കുക. ഒക്ടേബോര്‍ 20 വരെ തീവ്ര വാക്‌സിന്‍ യജ്ഞം നടത്തും.
നിലവില്‍ ബഹു ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാക്‌സിനേഷന്‍ നടപടികള്‍ നടക്കുന്നുണ്ട്. 2017 മുതല്‍ തെരുവ് നായ നിയന്ത്രണ പദ്ധതി എട്ട് ജില്ലകളില്‍ കുടുംബശ്രീ മുഖേനയും മറ്റുള്ള ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്നുമാണ് നടപ്പാക്കിയിരുന്നത്. 2017 മുതല്‍ 2021 വരെ 79426 നായ്ക്കളില്‍ കുടുംബശ്രീ വഴി വന്ധീകരണം നടത്തി. പക്ഷെ കുടുംബശ്രീയെ ഈ പദ്ധതികള്‍ക്ക് ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ, നിലവില്‍ ഇത് കോടതിയുടെ പരിഗണനയിലാണ്.
നായകളെ കൊന്നൊടുക്കി തെരുവ് നായ പ്രശ്‌നം പരിഹരിക്കാനാകില്ല. വഴിയില്‍ കാണുന്ന പട്ടികളെ തല്ലിയും വിഷം കൊടുത്തും കൊല്ലുന്നതും അവയെ കൊന്ന് കെട്ടിതൂക്കുന്നതും പരിഹാരമല്ലെന്ന് മാത്രമല്ല, അംഗീകരിക്കാനുമാവില്ല.
തെരുവ് നായകള്‍ അക്രമസക്താരാകുന്നതും കൂട്ടംകൂടുന്നതും അവയുടെ കുറ്റമല്ല. മാംസമടങ്ങിയ മാലിന്യങ്ങള്‍ വഴിയില്‍ നിക്ഷേപിക്കുന്നത് ഇതിന് കാരണമാകും. ഇത് തടയാന്‍ കര്‍ശന നടപടി ആരംഭിക്കും. ഹോട്ടലുകള്‍ക്കും കടയുടമകള്‍ക്കും കല്യാണ മണ്ഡപങ്ങള്‍ക്കുമെല്ലാം ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കും.
തെരുവ് നായ പ്രശ്‌നം ശാസ്ത്രീയമായി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിതമായ പദ്ധതികളോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം. മാലിന്യസംസ്‌കരണത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാധ്യമങ്ങളും മുന്നോട്ടുവരണം,’ പിണറായി വിജയന്‍ പറഞ്ഞു.
Content Highlight: CM Pinarayi Vijayan on Street Dog issues in Kerala