Kerala News
പ്രസംഗത്തിനിടെ അനൗണ്‍സ്‌മെന്റ്; വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 23, 06:21 am
Saturday, 23rd September 2023, 11:51 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയഡുക്ക സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തിനിടെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസാരിച്ച് തീരുംമുമ്പ് അനൗണ്‍സ്‌മെന്റ് നടത്തിയതില്‍ കുപിതനായാണ് അദ്ദേഹം വേദി വിട്ടത്.

പ്രസംഗം പൂര്‍ത്തിയാകും മുമ്പ് അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ താന്‍ പറഞ്ഞ് അവസാനിച്ചിട്ടില്ലെന്നും ചെവി കേട്ടുകൂടേ, ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

സി.പി.എമ്മിന്റെ കാസര്‍ഗോഡ് ജില്ലയിലെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ബദിയഡുക്ക. ഇവിടെയാണ് പാര്‍ട്ടി ഭരണത്തിലുള്ള ബാങ്കിന്റെ കെട്ടിട നിര്‍മാണ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയത്. സി.പി.ഐ.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍, ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

ഒരു ശക്തിക്കും കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കാനാവില്ലെന്നും അത് ജനങ്ങള്‍ അനുവദിക്കില്ലെന്നും തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയതിന് ഒടുവിലാണ് അനൗണ്‍സ്‌മെന്റ് വിഷയത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിയത്.

Content Highlights: CM Pinarayi Vijayan leaves the stage with anger duringd a public program in Kasargod