തിരുവനന്തപുരം: കെ ഫോണ്‍ എന്ന സ്വപ്ന പദ്ധതിയിലൂടെ എല്ലാവരും റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമായെന്നും കേരളത്തിന്റെ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ സേവന ദാതാക്കളുടെ ചൂഷണത്തില്‍ നിന്ന് മോചനം നേടാന്‍ കെ ഫോണ്‍ പദ്ധതി വഴിയൊരുക്കുമെന്നും കെ ഫോണ്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
‘ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഒരേയൊരു നാടാണിത്. ഇടതടവില്ലാതെ ഇന്റര്‍നെറ്റ് എല്ലായിടത്തും എത്തേണ്ടതുണ്ട്. അടിക്കടി ഇന്റര്‍നെറ്റ് വിലക്കുന്ന ഇന്ത്യയിലാണ് കേരളത്തിന്റെ ഈ ഇടപെടല്‍. സ്വപ്‌നം മാത്രമായി പോകുമെന്ന് പലരും വിചാരിച്ച പദ്ധതിയാണിത്.
വാഗ്ദാനം നടപ്പാക്കുക ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ജോലിയാണ്. 17,412 ഓഫീസുകളിലും 2,105 വീടുകളിലും കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തി. 9,000 വീടുകളിലേക്കാണ് ആകെ കേബിള്‍ വലിച്ചിട്ടുള്ളത്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണ സംസ്‌കാരം എന്നതിന് ഇതിലേറെ സഹായകമായ മറ്റൊന്നും കാണാനാകില്ല. കൊവിഡ് കണ്ട് തുടങ്ങിയതല്ല കെ ഫോണ്‍ പദ്ധതി. അതിന് മുമ്പ് തന്നെ നമ്മള്‍ ആരംഭിച്ചതാണ്.
ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചത് പൊതുമേഖലയില്‍ ഒന്നും വേണ്ടെന്ന് വാദിക്കുന്നവരാണ്. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്ന് കിഫ്ബിയെ വിശേഷിപ്പിച്ചവരുണ്ട്. അവര്‍ക്ക് കൂടിയുള്ള മറുപടിയാണ് കെ ഫോണ്‍,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നതെന്നും പിണറായി വിജയന്‍ പറയുന്നു. ’33 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ലഭിക്കുന്നത്. ഗ്രാമങ്ങളില്‍ അത് 25 ശതമാനവുമാണ്.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യതയില്ല. അത്രയേറെ ആഴത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇവിടെ നിലനില്‍ക്കുന്നുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.