സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് 8,000 കോടിയോളം രൂപ മോദി തന്റെ പി.ആർ വർക്കിനായി ചെലവഴിച്ചു: സാകേത് ഗോഖലെ
national news
സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് 8,000 കോടിയോളം രൂപ മോദി തന്റെ പി.ആർ വർക്കിനായി ചെലവഴിച്ചു: സാകേത് ഗോഖലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2024, 7:47 am

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി.ആർ വർക്കുകൾക്കായി സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് 8,000 കോടി രൂപ കേന്ദ്ര സർക്കാർ ചെലവഴിച്ചെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ.

ഇന്ത്യൻ സർക്കാരിന്റെ മിക്കവാറും എല്ലാ പരിപാടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ വിമർശിച്ചു. ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ശുചിത്വ കാമ്പെയ്‌നാണ് സ്വച്ഛ് ഭാരത് അഭിയാൻ. 2014 ഒക്‌ടോബർ 2-ന് സ്വച്ഛ് ഭാരത് മിഷൻ ഒരു ദേശീയ പ്രസ്ഥാനമായി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്,

‘സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് ഏകദേശം 8000 കോടി രൂപ മോദിയുടെ സ്വകാര്യ പി.ആറിന് വേണ്ടി മാത്രം മോദി സർക്കാർ ചെലവഴിച്ചു. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തി ദിനത്തിൽ മോദി സ്വച്ഛ് ഭാരത് കാമ്പയിനിൻ്റെ 10 വർഷം ആഘോഷിച്ചു. എന്നാൽ ഈ പ്രചാരണം എന്താണ് നേടിയത് ?

സത്യത്തിൽ നടന്നത് ഇതാണ് 2014 മുതൽ ഇന്നുവരെ, പരസ്യങ്ങൾ, പി.ആർ ക്യാമ്പയിനുകൾ മറ്റ് പബ്ലിസിറ്റി മെറ്റീരിയലുകൾ എന്നിവയ്‌ക്കായി സ്വച്ഛ് ഭാരതിൻ്റെ ബജറ്റിൽ നിന്ന് 8000 കോടി രൂപയോളം മോദി ചെലവഴിച്ചു. സ്വച്ഛ് ഭാരതിൻ്റെ മിക്കവാറും എല്ലാ പരസ്യങ്ങളിലും മോദിയുടെ ഫോട്ടോയും പേരും ഉണ്ട് മോദി തന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള ഒരു ഉപകാരണമായാണ് സ്വച്ഛ്‌ ഭാരതിനെ കാണുന്നത്,’ അദ്ദേഹം വിമർശിച്ചു.

നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യയുടെ പുതിയ കറൻസി നോട്ടുകളിൽ പോലും സ്വച്ഛ് ഭാരത് മുദ്ര പതിപ്പിക്കണമെന്ന് മോദി നിർബന്ധം പിടിക്കുന്ന തരത്തിലാണ് പി.ആർ വർക്കുകൾ നടന്നത്. കേന്ദ്ര സർക്കാരിന്റെ മിക്കവാറും എല്ലാ പരിപാടികളും മോദി ഇത് പോലെ മോദിയെ പുകഴ്ത്താനുള്ളതാണ്.

‘മോദി ചെയ്യുന്നത് പോലെ ഇന്ത്യയിലെ മറ്റൊരു നേതാവും ഇത്തരത്തിൽ പി.ആർ വർക്കുകൾ ചെയ്തിട്ടില്ല. സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളെയും തന്റെ പി.ആർ വർക്കായി മോദി മാറ്റുകയാണ് ചെയ്തത്. മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയും അവരുടെ ചോര കുടിക്കുകയും ചെയ്യുന്നു.

വാക്സിൻ സർട്ടിഫിക്കറ്റിൽ പോലും തന്റെ ചിത്രം പ്രിന്റ് ചെയ്തുള്ള പി.ആർ വർക്കാണ് മോദി നടത്തിയത്. പാർലമെൻ്റിൽ ഭൂരിപക്ഷം പോലും നേടാനാകാത്ത മോദിയെപ്പോലുള്ള ഒരാളുടെ പി.ആറിനായി ലക്ഷക്കണക്കിന് കോടികൾ ചെലവഴിക്കാൻ സാധാരണ ഇന്ത്യക്കാർ എന്തിന് സ്വന്തം പണം നികുതിയായി നൽകണം? മോദിയുടെ വ്യക്തിപരമായ പ്രചാരണത്തിന് ആളുകളുടെ നികുതി എന്തിന് ഉപയോഗിക്കണം?,’ സാകേത് ഗോഖലെ വിമർശിച്ചു.

 

Content Highlight: Close to Rs 8,000 crore from Swachh Bharat funds spent on ‘personal PR’ for PM Modi: TMC’s Saket Gokhale