കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തിലെ പിണറായിയില്‍ സി.പി.ഐ.എം ആഹ്‌ളാദപ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പിണറായി ചേരിക്കല്‍ സ്വദേശി കരിതാങ്കണ്ടി വീട്ടില്‍ സി.വി.രവീന്ദ്രന്‍ (55) ആണു കൊല്ലപ്പെട്ടത്. വാഹനത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തുകയായിരുന്ന സി.പി.ഐ.എമ്മുകാര്‍ക്കു നേരെ, മറ്റൊരു വാഹനത്തിലെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു. പരുക്കേറ്റു വീണ രവീന്ദ്രനെ ആര്‍.എസ്.എസുകാരുടെ വാഹനം ഇടിച്ചതായും നാട്ടുകാര്‍ പറയുന്നു. തലശേരി സഹകരണ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംഭവത്തില്‍ രവീന്ദ്രന്റെ മകന്‍ അടക്കം അഞ്ചു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയം, വേങ്ങാട്, പിണറായി, ധര്‍മടം പഞ്ചായത്തുകളില്‍ രണ്ടു മണി മുതല്‍ ആറു മണി വരെ സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ ജില്ലയിലെ ആഹ്‌ളാദ പ്രകടനങ്ങള്‍ സി.പി.ഐ.എം ഉപേക്ഷിച്ചു. പകരം പ്രതിഷേധ പ്രകടനങ്ങളുണ്ടാകും.
തിരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ചാലാട് സി.പി.ഐ.എമ്മുകാര്‍ ബി.ജെ.പി ഓഫിസ് അടിച്ചു തകര്‍ത്തു. അമ്പാടിമുക്കില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു. പള്ളിക്കുന്നില്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘര്‍ഷമുണ്ടായി. കാസര്‍കോട് ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് നിരോധജ്ഞ പ്രഖ്യാപിച്ചു.
കോഴിക്കോട് തിരുവള്ളൂര്‍, ഒഞ്ചിയം, വില്ല്യാപ്പള്ളി എന്നിവിടങ്ങളില്‍ ആഹ്ലാദ പ്രകടനത്തോട് അനുബന്ധിച്ച് അക്രമമുണ്ടായി. തിരുവളള്ളൂരില്‍ കല്ലേറില്‍ ചിലര്‍ക്ക് പരുക്കേറ്റു. എസ്.ഐ: കെ. നൗഫലിന് കല്ലേറില്‍ പരുക്കേറ്റു. പൊലീസിനു നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞതായി പരാതിയുണ്ട്. ഒഞ്ചിയത്ത് കുന്നുമ്മക്കരയില്‍ ആര്‍.എം.പി ഓഫിസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. വില്ല്യാപ്പള്ളിയില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രകടനം മുഖാമുഖം നടത്തിയിതിനെ തുടര്‍ന്നും സംഘര്‍ഷമുണ്ടായി.
തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ വടകരയില്‍ പരക്കെ അക്രമം. ടിപി ചന്ദ്രശേഖരന്റെ വള്ളിക്കാട്ടെ രക്തസാക്ഷി സ്തൂപത്തിനു മുകളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയിലാണ്. കെ.കെ രമയുടെ വടകരയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു നേരെയും ആക്രമണം നടന്നിട്ടുണ്ട്. തയ്യില്‍ സ്ഥാപിച്ചിരുന്ന രക്തസാക്ഷി കൂടീരം തകര്‍ത്തു. കക്കാട് ആര്‍എംപി ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വീടുകള്‍ക്ക് നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. സംഭവങ്ങള്‍ക്ക് പിറകില്‍ സി.പി.ഐ.എം ആണെന്ന് ആര്‍.എം.പി ആരോപിച്ചു.
ഓര്‍ക്കാട്ടേരി വലിയവളപ്പ് താഴെക്കുനി മനോജിനെ ബൈക്കില്‍ ആഹ്‌ളാദ പ്രകടനം നടത്തുകയായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ മര്‍ദ്ദനത്തിനിരയാക്കിയെന്നും പരാതിയുണ്ട്. അയല്‍വാസിയായ ബിജു എന്നയാളുടെ വീട്ടിലിരിക്കുന്ന സമയത്താണ് മനോജിന് നേരെ ആക്രമണമുണ്ടായത്. ഇരു കൈകള്‍ക്കും പരിക്കേറ്റ മനോജ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജുവിന്റെ വീട് ഇവര്‍ അടിച്ച് തകര്‍ക്കുകയും ബിജുവിനെയും അമ്മയേയും മര്‍ദ്ദിച്ചെന്നും പറയുന്നു.
കാസര്‍കോട് ജില്ലയില്‍ വോട്ടെണ്ണലിനെത്തുടര്‍ന്ന് സംഘര്‍ഷം പടര്‍ന്നതോടെ കാസര്‍കോട് , മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ സി.പി.ഐ.എം മുസ്ലിം ലീഗ് സംഘര്‍ഷം. സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. മുസ്ലിം ലീഗ് ഓഫിസിനു നേരെ കല്ലേറ്. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കാസര്‍കോട് ഗവ. കോളജ് വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ മുസ്ലിം ലീഗ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി. ഇരുവിഭാഗവും തമ്മില്‍ കല്ലേറ്. കാസര്‍കോട് ഉളിയത്തടുക്കയില്‍ യു.ഡി.എഫ്- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
കാഞ്ഞങ്ങാട്ട് വിജയിച്ച എല്‍.ഡി.എഫിലെ ഇ. ചന്ദ്രശേഖരന്റെ പര്യടന വാഹനത്തിനു നേരെ മാവുങ്കാലില്‍ കല്ലേറുണ്ടായി. ചന്ദ്രശേഖരനും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എ.കെ.നാരായണനും വാഹനത്തിന്റെ ഡ്രൈവര്‍ക്കും അടക്കം പരിക്കേറ്റു. ചന്ദ്രശേഖരന്‍ പര്യടനം തുടരുന്നു. പരുക്കേറ്റ എ.കെ.നാരായണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിക്കോത്ത് വാഹനങ്ങള്‍ തടയുന്നു.
ഇടുക്കിയില്‍ എസ്. രാജേന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനു പരിക്കേറ്റു.
കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരത്തില്‍ സി.പി.എം-ബി.ഡി.ജെ.എസ് സംഘര്‍ഷം. അഞ്ചു പേര്‍ക്കു പരുക്കേറ്റു. വെട്ടേറ്റ സി.പി.ഐ.എം പ്രവര്‍ത്തകരായ നിസാമുദീന്‍ (32), അനൂപ് പി.രാജ് (30) സരുണ്‍ സന്തോഷ് (24) പ്രവീണ്‍ തമ്പി (30), സുധീ (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ പ്രകടനമായി പോയവരെ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നു സി.പി.ഐ.എം പ്രവര്‍ത്തകര്‍ആരോപിച്ചു.
കുമരകത്ത് ബി.ജെ.പി പ്രവര്‍ത്തകനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വീട്ടില്‍കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുവന്ന ബി.ജെ.പിക്കാരെ സി.പി.ഐ.എം തടഞ്ഞു. പിന്നീട് പൊലീസ് വന്നാണ് ആശുപത്രിയിലാക്കിയത്. നേരത്തെ അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് ഇവിടെ വെട്ടേറ്റിരുന്നു.