ചരിത്രം കുറിച്ച് ക്ലെയര്‍ പൊളോസാക്; പുരുഷ ക്രിക്കറ്റില്‍ ആദ്യമായി വനിതാ അമ്പയര്‍
Cricket
ചരിത്രം കുറിച്ച് ക്ലെയര്‍ പൊളോസാക്; പുരുഷ ക്രിക്കറ്റില്‍ ആദ്യമായി വനിതാ അമ്പയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th April 2019, 4:55 pm

110 വര്‍ഷം നീണ്ട ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തില്‍ അഭിമാനത്തോടെ എഴുതിച്ചേര്‍ക്കേണ്ട ദിവസമാണ് 2019 ഏപ്രില്‍ 27. കൊത്തിവെയ്‌ക്കേണ്ട പേരാണ് ക്ലെയര്‍ പൊളോസാക്. പുരുഷ ക്രിക്കറ്റിലും വനിതാ ക്രിക്കറ്റിലും മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പുരുഷന്മാര്‍ക്കുണ്ടായിരുന്ന സമ്പൂര്‍ണാധികാരമാണ് ക്ലെയറിലൂടെ അവസാനിക്കുന്നത്.

അതെ. ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ അന്താരാഷ്ട്ര ഏകദിന മത്സരം ഒരു വനിതാ അമ്പയര്‍ നിയന്ത്രിച്ചു. 31-കാരിയായ ഓസ്‌ട്രേലിയന്‍ അമ്പയര്‍ ക്ലെയര്‍ പൊളോസാക്കാണ് വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2-ലെ ഒമാന്‍-നമീബിയ ഫൈനല്‍ മത്സരത്തിന്റെ ഭാഗമായത്.

മത്സരത്തിനു മുന്‍പ് തന്റെ ഭര്‍ത്താവ് ഇവാന്‍സിനും മാതാപിതാക്കള്‍ക്കും ക്ലെയര്‍ നന്ദി അറിയിച്ചു. നമീബിയയിലെ വിന്‍ഡ്‌ഹോക്കിലുള്ള വാന്‍ഡറേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ച മത്സരം ഇപ്പോഴും തുടരുകയാണ്. കെനിയക്കാരനായ ഡേവിഡ് ഒധിയാമ്പോയ്‌ക്കൊപ്പമാണ് ക്ലെയര്‍ മത്സരം നിയന്ത്രിക്കുന്നത്.

പുരുഷന്മാരുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരം ഗ്രൗണ്ടില്‍ നിയന്ത്രിച്ച ആദ്യ വനിത കൂടിയാണ് ക്ലെയര്‍. 2017-ല്‍ ഓസ്‌ട്രേലിയയില്‍ വെച്ചായിരുന്നു അത്. രണ്ട് വനിതാ അമ്പയര്‍മാര്‍ പുരുഷന്മാരുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരം ഒന്നിച്ചു നിയന്ത്രിച്ചപ്പോഴും അതില്‍ ക്ലെയറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗില്‍ വെച്ചായിരുന്നു എലോയ്‌സ് ഷെറിദാനൊപ്പം ക്ലെയര്‍ മത്സരം നിയന്ത്രിച്ചത്.

15 വനിതാ ഏകദിനങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ക്ലെയര്‍ 2018-ലെ ഐ.സി.സി ട്വന്റി 20 വനിതാ ലോകകപ്പ് നിയന്ത്രിച്ച അമ്പയര്‍മാരുടെ പാനലില്‍ അംഗമായിരുന്നു. 2017-ലെ വനിതാ ലോകകപ്പില്‍ നാലു മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.