പ്രതിരോധിക്കുക; കാവിയിലല്ല അഗ്നിയിലാണ് ജ്വലിക്കേണ്ടത് ; സ്വാമി അഗ്നിവേശിന്റെ അവസാന വാക്കുകള്‍
national news
പ്രതിരോധിക്കുക; കാവിയിലല്ല അഗ്നിയിലാണ് ജ്വലിക്കേണ്ടത് ; സ്വാമി അഗ്നിവേശിന്റെ അവസാന വാക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th September 2020, 3:45 pm

ന്യൂദല്‍ഹി: അന്തരിച്ച സ്വാമി അഗ്നിവേശ് അവസാനമായി പറഞ്ഞതും പ്രതിരോധിക്കുക എന്ന വാക്കായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തനും സെന്റ് സ്റ്റീഫന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായ വത്സന്‍ തമ്പു.

ഒരാഴ്ച്ച മുമ്പ് ആശുപത്രിയിലായിരിക്കുമ്പാേഴാണ് അദ്ദേഹം എന്നോട് അവസാനമായി സംസാരിച്ചത്. ആരോഗ്യപരമായി തീരെ അവശനായിരുന്നുവെങ്കിലും എനിക്ക് ഇന്ന് വലിയൊരു ദര്‍ശനമുണ്ടായെന്ന് അദ്ദേഹമെന്നോട് പറഞ്ഞു. അതെന്താണെന്ന് അറിയാന്‍ ഞാന്‍ ഏറെ തത്പരനായിരുന്നു.

”140 മില്ല്യണ്‍ ജനങ്ങളും ഒരുമിച്ച് ഐക്യത്തോടെ ചേര്‍ന്നു നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവര്‍ പറയുന്നത് അതിനി സംഭവിക്കില്ല എന്നാണ്. പക്ഷേ ജനങ്ങള്‍ പ്രതിരോധിക്കും”. അദ്ദേഹമെന്നോട് പറഞ്ഞു. ഇതു പറയുമ്പോള്‍
അദ്ദേഹത്തിന്റെ വാക്കുകളില്‍ ആകാംഷയും ആവേശവും നിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് വത്സന്‍ തമ്പു ദ ടെലഗ്രാഫിലെഴുതിയ കുറിപ്പില്‍ പറയുന്നു.

തനിക്ക് ശരിയെന്നോ തെറ്റെന്നോ പറയാന്‍ കഴിയുന്നതിന് മുമ്പ് മതം ഒരു മഹാമാരിയായി കൊണ്ടിരിക്കുകയാണെന്നും അതിനെ മാനുഷികതയ്ക്ക് വേണ്ടി ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞുവെന്നും വത്സന്‍ തമ്പു പറയുന്നു.

അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി താനെഴുതുന്ന പുസ്തകത്തിന്റെ കോപ്പി ശാരീരികമായി അവശനായിരുന്നെങ്കിലും അദ്ദേഹം ഏറെ താത്പര്യത്തോടെ വായിക്കുമായിരുന്നു. താന്‍ പൂര്‍ത്തിയാക്കിയ എല്ലാ ചാപ്റ്ററുകളും അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് പുസ്തകത്തിന്റെ പണി പൂര്‍ത്തിയായത,് വത്സന്‍ തമ്പു പറഞ്ഞു.

വെള്ളിയാഴ്ച്ചയാണ് സ്വാമി അഗ്നിവേശ് അന്തരിച്ചത്. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയിലായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്ന് നേരത്തെ മെഡിഡക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങിയിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

1939ല്‍ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍-ചമ്പ ജില്ലയിലാണ് സ്വാമി അഗ്‌നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കൊല്‍ക്കത്തയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനാജ്‌മെന്റില്‍ അദ്ധ്യാപകനായിരുന്നു.

1939ല്‍ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍-ചമ്പ ജില്ലയിലാണ് സ്വാമി അഗ്‌നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കൊല്‍ക്കത്തയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനാജ്‌മെന്റില്‍ അദ്ധ്യാപകനായിരുന്നു.
1968 ല്‍ ഹരിയാനയിലെത്തിയ അദ്ദേഹംആര്യസമാജത്തില്‍ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു.

1977 ല്‍ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിര്‍ഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. എഴുത്തിലൂടെയും നിലപാടിലൂടെയും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയായിരുന്നു സ്വാമി അഗ്‌നിവേശ്.ബീഫ് നിരോധനത്തിനെതിരെയുള്ള പ്രസ്താവനകള്‍ കണക്കിലെടുത്ത്, സനാതന ധര്‍മത്തിനെതിരെയാണ് അഗ്‌നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്ര ഹൈന്ദവ സംഘടനകള്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Clad in fire not saffron swami agnivesh’s last words