കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെതിരെ ശമ്പളക്കരാര്‍ ലംഘനം ആരോപിച്ച് സി.കെ വിനീതും റിനോ ആന്റോയും അടക്കമുള്ള ഫുട്‌ബോള്‍ താരങ്ങള്‍. ഇത് സംബന്ധിച്ച് ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) താരങ്ങള്‍ പരാതി നല്‍കി.
ഐ.എസ്.എല്‍ ആരംഭിച്ച് അധികം വൈകാതെ ടീമില്‍നിന്ന് പുറത്താക്കപ്പെട്ട തങ്ങള്‍ക്ക് കരാര്‍ പ്രകാരമുള്ള ശമ്പളം നിഷേധിച്ചെന്നാണ് ഇവരുടെ ആരോപണം.
ഐ.എസ്.എല്‍ കഴിഞ്ഞ് ഒരു മാസമായെങ്കിലും കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം നല്‍കിയിട്ടില്ലെന്നാണ് വിനീതിന്റെ പരാതി. ശമ്പള കുടിശ്ശികയുണ്ടെന്ന് റിനോയുടെ പരാതിയിലും പറയുന്നു.
യൂജിന്‍സണ്‍ ലിങ്‌ദോ, അശോക് ചവാന്‍, ബല്‍വന്ത് സിംഗ് എന്നിവരടക്കമുള്ളവരാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ ചിലര്‍ക്ക് ആറു മാസത്തിലേറെയായി ശമ്പളം നല്‍കിയിട്ടില്ലെന്നും പറയുന്നു.
ഐ.എസ്.എല്ലിലെ നാലു കളികള്‍ക്കുശേഷമാണ് വിനീതും റിനോയുമടക്കം ഒമ്പത് താരങ്ങളെ ടീം പുറത്താക്കിയത്. കഴിഞ്ഞവര്‍ഷം ഐ ലീഗിലും ഈസ്റ്റ് ബംഗാള്‍ ശമ്പളക്കരാര്‍ ലംഘനം നടത്തിയിരുന്നതായി ആരോപണമുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക