ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നീതി നടപ്പായില്ല; അന്വേഷണ സമിതിക്കെതിരെ മദന്‍ ബി ലോക്കൂര്‍
India
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നീതി നടപ്പായില്ല; അന്വേഷണ സമിതിക്കെതിരെ മദന്‍ ബി ലോക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2019, 3:19 pm

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതി കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍. പരാതിക്കാരിയോട് നീതിപൂര്‍വമായല്ല ആഭ്യന്തര അന്വേഷണ സംഘം പെരുമാറിയത്. ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ആഭ്യന്തര അന്വേഷണ സമിതി മുന്‍വിധി കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു.

പരാതിക്കാരിക്ക് അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാത്തതിനെയും ലോക്കൂര്‍ ചോദ്യം ചെയ്തു. പല ചോദ്യങ്ങള്‍ക്കും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഇതുകൊണ്ടുതന്നെ ദുരൂഹതകള്‍ അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പകര്‍പ്പ് പരാതിക്കാരിക്ക് നല്‍കിയാല്‍ മാത്രമേ അവരടക്കമുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനത്തിലാണ് ലോക്കൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മുമ്പുണ്ടായ ഏതെങ്കിലും കേസിന്റെ പിന്‍ബലത്തില്‍ നിന്നുകൊണ്ട് പരാതിക്കാരിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാത്തതിനെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ദിര ജെയ്‌സിങ് കേസ് മുന്നോട്ടുവച്ച് സെക്രട്ടറി ജനറല്‍ പരാതിക്കാരിക്ക് ആഭ്യന്തര കമ്മറ്റിയുടെ റിപ്പോര്‍ട്ട് നല്‍കുന്നത് തടയുകയാണ്. ഈ തീരുമാനം ഒരുതരത്തിലും നിലനില്‍ക്കുന്നതല്ല. ആഭ്യന്തര അന്വേഷണ സമിതി അന്വേഷിക്കുന്നതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരിക്ക് നല്‍കാനാവില്ലെന്ന് ഒരു വിധിയിലും പറയുന്നില്ല. സമാനമായ വിഷയം മറ്റൊരു കേസിലും സുപ്രീം കോടതിയില്‍ ഉയര്‍ന്നിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

2018ല്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി വാര്‍ത്താസമ്മേളനം നടത്തിയ രഞ്ജന്‍ ഗൊഗോയ് അടക്കമുള്ള നാല് ജഡ്ജിമാരില്‍ ഒരാളാണ് മദന്‍ ബി ലോക്കൂര്‍.

രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി തനിക്ക് ലഭിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിലെ ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയാന്‍ പരാതിക്കാരിയായ തനിക്ക് അവകാശമുണ്ടെന്നും കോപ്പി നല്‍കാത്തത് നീതി നിഷേധമാണെന്നും പരാതിക്കാരി പറയുന്നു.

ചീഫ് ജസ്റ്റിസ്, അദ്ദേഹത്തിന്റെ റസിഡന്‍സ് ഓഫീസില്‍വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് ആരോപണം. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന യുവതിാണ് ആരോപണം ഉന്നയിച്ചത്. ഏപ്രില്‍ 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

ചീഫ് ജസ്റ്റിസിനെതിരായ പരാതി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അന്വേഷണ സമിതി സുപ്രീം കോടതിയിലെ മുന്‍ തൊഴിലാളികൂടിയായ യുവതി നല്‍കിയ ലൈംഗികാരോപണ പരാതി തള്ളിയത്. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ്മാരായ എന്‍.വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്നതാണ് സമിതി.