national news
15 ദിവസത്തിനുള്ളിൽ ഹിമാചലിലെ സഞ്ജൗലി മസ്ജിദ് പൊളിച്ചില്ലെങ്കിൽ പ്രക്ഷോഭം; ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 20, 05:16 am
Thursday, 20th February 2025, 10:46 am

ഷിംല: 15 ദിവസത്തിനുള്ളിൽ ഹിമാചൽപ്രദേശിലെ സഞ്ജൗലിയിലെ മസ്ജിദ് പൊളിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടന. സഞ്ജൗലിയിലെ സിവിൽ സൊസൈറ്റിയിലെ അംഗങ്ങളും ദേവഭൂമി സംഘർഷ് സമിതിയുമാണ് ഭീഷണിയുമായെത്തിയിരിക്കുന്നത്.

2024 സെപ്റ്റംബർ 11ന് ഷിംലയിലെ സഞ്ജൗലി പള്ളിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉണ്ടാവുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സഞ്ജൗലിയിലെ പള്ളി നിയമവിരുദ്ധമാണെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു.

പിന്നാലെ ഷിംല മുനിസിപ്പൽ കമ്മീഷണർ (എം.സി) കോടതി സഞ്ജൗലി പള്ളിയുടെ മൂന്ന് നിലകൾ പൊളിച്ച് മാറ്റാൻ ഉത്തരവിട്ടു. ഉത്തരവുകൾ നടപ്പിലാക്കാൻ പള്ളി കമ്മിറ്റിക്ക് കോടതി രണ്ട് മാസത്തെ സമയപരിധിയും നൽകിയിരുന്നു. പള്ളി പൊളിക്കുന്നതിനുള്ള ചെലവ് പള്ളി കമ്മിറ്റിയും വഖഫ് ബോർഡും വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

മാർച്ച് 15ന് സംഭവവുമായി ബന്ധപ്പെട്ട അടുത്ത സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടും ഹിമാചൽ പ്രദേശ് വഖഫ് ബോർഡിനോടും കോടതി നിർദേശിച്ചിരുന്നു. അതിനുശേഷം പള്ളിയുടെ ശേഷിക്കുന്ന രണ്ട് നിലകൾ പൊളിക്കണോ എന്നതിൽ വാദം കേൾക്കും.

ബുധനാഴ്ച, സിവിൽ സൊസൈറ്റി, സഞ്ജൗലി, ദേവഭൂമി സംഘർഷ് സമിതി എന്നിവയുടെ ഒരു പ്രതിനിധി സംഘം ഷിംല മുനിസിപ്പൽ കമ്മീഷണറെ കണ്ട് അവരുടെ ആവശ്യത്തെക്കുറിച്ച് ഒരു നിവേദനം സമർപ്പിച്ചു.

മുനിസിപ്പൽ കമ്മീഷണർ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും ഇതുവരെ പള്ളി പൊളിച്ച് മാറ്റിയിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. 15 ദിവസത്തിനുള്ളിൽ പള്ളി പൊളിച്ചുമാറ്റിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പള്ളി നിയമവിരുദ്ധമാണെന്ന് വിവിധ ഹിന്ദുത്വവാദ സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധവും സംഘർഷവും ഉണ്ടായത്. പള്ളി അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ ഫയൽ ചെയ്ത കേസ് ഒരു ദശാബ്ദത്തിലേറെയായി മുനിസിപ്പൽ കോർട്ടിൽ നിലനിൽക്കുകയായിരുന്നു.

ഷിംലയിലെ സഞ്ജൗലിക്ക് സമീപമുള്ള മാലാനയിൽ ഒരു ഹിന്ദു വ്യവസായിയെ ഏതാനും മുസ്‌ലിങ്ങൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് നിലവിൽ ഹിന്ദു സംഘടനകൾ പള്ളി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുന്നത്.

 

Content Highlight:  Civil society group, Devbhoomi Sangharsh Samiti demand demolition of Sanjauli mosque in 15 days