Entertainment
12 മണിക്കൂര്‍ വെള്ളം പോലും കുടിക്കാതിരുന്ന പൃഥ്വിയെ കസേരയില്‍ ഇരുത്തിയിട്ടാണ് ഷോട്ട് എടുക്കാന്‍ കൊണ്ടുവന്നത്: സുനില്‍ കെ.എസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 01, 02:42 pm
Monday, 1st April 2024, 8:12 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ എല്ലാവരും ഒരുപോലെ പ്രശംസിച്ച സീനുകളിലൊന്നാണ് പൃഥ്വിയുടെ മെലിഞ്ഞ ശരീരം കാണിക്കുന്ന സീന്‍. ആ സീനില്‍ ഒരു ദിവസം ഒറ്റ ഷോട്ട് മാത്രമേ എടുത്തിരുന്നുള്ളൂവെന്നും, ആ സീനിനായി പൃഥ്വി 12 മണിക്കൂര്‍ വെള്ളം പോലും കുടിക്കാതിരുന്നുവെന്നും ഛായാഗ്രഹകന്‍ സുനില്‍ കെ.എസ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ ഇക്കാര്യം പറഞ്ഞത്.

‘ആ സീനില്‍ പൃഥ്വി നടക്കുന്ന ഷോട്ട് മാത്രമേ ഒരു ദിവസം എടുത്തിരുന്നുള്ളൂ. ആ സമയത്തൊക്കെ പൃഥ്വി മൂന്ന് ദിവസം വരെ ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. വെള്ളം മാത്രമേ ആ സമയത്ത് കുടിച്ചിരുന്നുള്ളൂ. ഈ ഷോട്ട് എടുക്കുന്നതിന് മുമ്പ് 12 മണിക്കൂര്‍ വെള്ളം കുടിക്കാതെയിരുന്നു. അത്ര മാത്രം ഡെഡിക്കേഷനിലൂടെയായിരുന്നു ആ സീന്‍ ചെയ്തത്.

ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്, ആ ഷോട്ട് എടുക്കാന്‍ നേരം പൃഥ്വിയെ എല്ലാവരും കസേരയില്‍ ഇരുത്തി എടുത്തുകൊണ്ട് വരികയായിരുന്നു. അത്രക്ക് വയ്യാത്ത അവസ്ഥയിലായിരുന്നു രാജു. പക്ഷേ ഷോട്ട് എടുക്കാന്‍ നേരം പൃഥ്വി അത് ഭംഗിയായി ചെയ്തു. അന്ന് ആ ഒരു ഷോട്ട് മാത്രമേ എടുത്തുള്ളൂ. അത്രയും മതിയെന്ന് ബ്ലെസി സാര്‍ പറഞ്ഞു. മൂന്നുനാല് ദിവസമെടുത്താണ് ആ സീന്‍ കംപ്ലീറ്റാക്കിയത്,’ സുനില്‍ പറഞ്ഞു.

Content Highlight: Cinematographer Sunil KS about Prithviraj’s effort in Aadujeevitham