എംബാപ്പെക്കൊപ്പം കളിക്കേണ്ടത് ആവശ്യമായിരുന്നു, അതുകൊണ്ട് നെയ്മറോട് ശാന്തനാകാന്‍ പറഞ്ഞു: പി.എസ്.ജി കോച്ച്
Football
എംബാപ്പെക്കൊപ്പം കളിക്കേണ്ടത് ആവശ്യമായിരുന്നു, അതുകൊണ്ട് നെയ്മറോട് ശാന്തനാകാന്‍ പറഞ്ഞു: പി.എസ്.ജി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th January 2023, 12:48 pm

ഫ്രഞ്ച് കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരം ആരംഭിച്ച് ഒരു മണിക്കൂറിനിടെ പെയ്സ് ഡി കാസലിന്റെ വലയില്‍ ചെന്നുപതിച്ചത് ഏഴ് ഗോളുകള്‍. അതില്‍ അഞ്ചെണ്ണം പറത്തിയത് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ.

12 മിനിട്ടിനുള്ളിലാണ് എംബാപ്പെ ഹാട്രിക് അടിച്ചത്. ഇതോടെ പി.എസ്.ജിയുടെ ചരിത്രത്തില്‍ ഒരു മാച്ചില്‍ അഞ്ച് ഗോളടിക്കുന്ന താരമെന്ന ഖ്യാതി എംബാപ്പെ നേടി. കളിയുടെ 29, 34, 40, 56, 70 മിനിട്ടുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്.

മത്സരം കുഞ്ഞന്‍ ടീമിനെതിരെയായതിനാല്‍ ലയണല്‍ മെസിയെ കരക്കിരുത്തിയ കളിയില്‍ നെയ്മറും നേടി ഒരു ഗോളും രണ്ട് അസിസ്റ്റും. 33ാം മിനിട്ടിലാണ് നെയ്മര്‍ സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ ഹാഫ് ടൈമില്‍ നെയ്മറോട് ശാന്തനായി കളിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍.

‘ഹാഫ് ടൈമിലെ ഇടവേളയായപ്പോള്‍ ഞാന്‍ നെയ്മറോട് ശാന്തനായി കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എംബാപ്പെക്കൊപ്പം കളിക്കണമെങ്കില്‍ അത് ആവശ്യമായിരുന്നു. അവര്‍ പരസ്പരം സഹകരിച്ച് തന്നെയായിരുന്നു കളിച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് ഒത്തിരി നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

അവര്‍ ഒരുമിച്ച് വീണ്ടും കളിക്കണമെങ്കില്‍ അങ്ങനെ പറയേണ്ടത് ആവശ്യമാണെന്ന് തോന്നി,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

എംബാപ്പെക്കും നെയ്മറിനും പുറമെ സോളറും പി.എസ്.ജിക്ക് വേണ്ടി ഒരു ഗോള്‍ നേടിയിരുന്നു.
ഈ സീസണില്‍ ഇതുവരെ 25 കളിയില്‍ നിന്ന് 24 ഗോളാണ് എംബാപ്പെ അക്കൗണ്ടിലാക്കിയത്. ലോകകപ്പിന് ശേഷം താരത്തിന്റെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. പി.എസ്.ജിക്കായി ഇതിനകം 196 ഗോളുകളാണ് എംബാപ്പെ നേടിയത്.

തകര്‍പ്പന്‍ ജയവുമായി മടങ്ങിയ പി.എസ്.ജിക്ക് കരുത്തരായ മാഴ്സിലേയാണ് പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.

Content Highlights: Christophe Galtier asks Neymar to keep quiet in the match