ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് യുണൈറ്റഡില്‍ നിന്ന് താരത്തിന്റെ പടിയിറക്കം.
അഭിമുഖത്തിനിടെ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു.
ഇപ്പോള്‍ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. താരം ക്ലബ്ബ് വിട്ടതില്‍ ദുഖമുണ്ടെന്നും അദ്ദേഹം മികച്ച കളിക്കാരനാണെന്നുമാണ് എറികസണ്‍ പറഞ്ഞത്. റൊണാള്‍ഡോയുടെ അഭാവത്തിലും ക്ലബ്ബ് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ക്രിസ്റ്റിയാനോ ഇപ്പോള്‍ യുണൈറ്റഡിന്റെ ഭാഗമല്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ നല്ല പ്രയാസമുണ്ട്. അദ്ദേഹത്തിന്റെ പേരും ലെഗസിയും ഏത് ക്ലബ്ബിലും പ്രത്യേകതയുണ്ടാക്കുന്നതാണ്. റോണോക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ അഭാവത്തിലും ക്ലബ്ബിന് മുന്നോട്ട് പോകേണ്ടതുണ്ട്. കുറച്ച് കഴിയുമ്പോള്‍ എല്ലാം എല്ലാവരും മറക്കും,’ എറിക്‌സണ്‍ വ്യക്തമാക്കി.
അതേസമയം, യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ താരം ജനുവരി ആദ്യം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറുമായി കരാറില്‍ ഒപ്പുവെക്കുമെന്ന റിപ്പോര്‍ട്ടുണ്ട്.
2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ക്ലബുകളുടെയോ അല്ലെങ്കില്‍ അല്‍ നാസറിന്റെ തന്നെ ഓഫറോ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Christian Eriksen was sad to see Cristiano Ronaldo go 💔 pic.twitter.com/ndCfgqQNh5
— ESPN FC (@ESPNFC) December 28, 2022
പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നാസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.
ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.
സൗദി ക്ലബുമായി കരാര്‍ ഒപ്പിട്ടാല്‍ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറും. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നാസര്‍ പ്രതിഫലമായി മാത്രം നല്‍കുക.
Content Highlights: Christian Eriksen about Cristiano Ronaldo