തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രിയപ്പെട്ട കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് പ്രസന്ന മാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രസന്ന സുജിത്. മോഹന്‍ലാല്‍ നായകനായി 2001ല്‍ പുറത്തിറങ്ങിയ കാക്കക്കുയിലിലൂടെയാണ് പ്രസന്ന സിനിമയില്‍ കൊറിയോഗ്രാഫറായി അരങ്ങേറ്റം കുറിച്ചത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള പ്രസന്ന, മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ബിഗ് ബ്രദര്‍, ബിഗ് ബി, തുടങ്ങിയ വമ്പന്‍ ചിത്രങ്ങളിലും കൊറിയോഗ്രഫറായി വര്‍ക്ക് ചെയ്തിട്ടുണ്ട്.
ഡാന്‍സ് കളിക്കില്ല എന്ന് മമ്മൂക്ക വെറുതെ പറയുകയാണെന്നും അദ്ദേഹം സൂപ്പര്‍ ഡാന്‍സറാണെന്നും പറയുകയാണ് പ്രസന്ന മാസ്റ്റര്‍. ബിഹൈന്‍ഡ്‌വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മമ്മൂക്കയ്ക്ക് ഡാന്‍സ് അറിയില്ല എന്ന് ആളുകള്‍ വെറുതെ പറയുകയാണ്. മമ്മൂക്കയ്ക്ക് ഡാന്‍സ് പറ്റും. അദ്ദേഹത്തിന്റെ ശരീര ഭാഷ അനുസരിച്ച് കുറച്ച് സ്‌റ്റൈലുണ്ട്.
അത് കൃത്യമായി എടുക്കുകയാണെങ്കില്‍ മമ്മൂക്ക സൂപ്പര്‍ ഡാന്‍സറാണ്. മമ്മൂക്ക ഡാന്‍സ് കളിക്കില്ല എന്ന് അദ്ദേഹം തന്നെ വെറുതെ പറയുകയാണ്. മമ്മൂക്ക നന്നായി ഡാന്‍സ് കളിക്കും,” പ്രസന്ന മാസ്റ്റര്‍ പറഞ്ഞു.
തനിക്ക് മറക്കാനാവാത്ത ഒരു സെലിബ്രിറ്റിയാണ് മോഹന്‍ലാലെന്നും, പ്രിയദര്‍ശനോട് സംസാരിക്കാന്‍ തനിക്ക് അത്രയും സ്വാതന്ത്ര്യമുണ്ടെന്നും പ്രസന്ന മാസ്റ്റര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
”എനിക്ക് മറക്കാനാവാത്ത ഒരു സെലിബ്രിറ്റി മോഹന്‍ലാല്‍ സാറാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം പ്രിയപ്പെട്ട കുറേ നിമിഷങ്ങളുണ്ട്. എന്റെ കരിയര്‍ തുടങ്ങുന്നത് കാക്കക്കുയില്‍ എന്ന സിനിമയിലൂടെയാണ്.
എന്റെ ഏറ്റവും വലിയ തുടക്കം എന്ന് പറയുന്നത് പ്രിയന്‍ സാറിലൂടെയും ലാല്‍ സാറിലൂടെയുമാണ്.
ആ ഒരു കോമ്പിനേഷന്‍ എനിക്ക് പ്രിയപ്പെട്ടതാണ്. കാരണം, കാക്കക്കുയിലിന്റെ സമയത്ത് ഞാന്‍ വളരെ ചെറുപ്പമായിരുന്നു, വളരെ അക്ഷമനായിരുന്നു. എനിക്ക് പരിഭ്രമവും ഉണ്ടായിരുന്നു.
എന്നാല്‍ മോഹന്‍ലാല്‍ സാര്‍ നമ്മളെ ആശ്വസിപ്പിക്കും. നാം പരിഭ്രാന്തരല്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തും. പ്രിയന്‍ സാറിനെ ചെറുപ്പം മുതല്‍ അറിയുന്നത് കൊണ്ട് അദ്ദേഹത്തോട് സംസാരിക്കാന്‍ എനിക്ക് സ്വാതന്ത്ര്യവുമുണ്ട്.
എനിക്കുണ്ടായിരുന്ന ഏറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്നായിരുന്നു അത്,” പ്രസന്ന മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Choreographer Prasanna Master about Mohanlal and Mammootty