Entertainment news
തമിഴില്‍ നാഗവല്ലിയായി എത്തുന്നത് ജ്യോതികയാണെന്ന് അറിഞ്ഞപ്പോള്‍ പലരും എന്നെ എതിര്‍ത്തിരുന്നു: കലാ മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 30, 08:35 am
Friday, 30th December 2022, 2:05 pm

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ആ സിനിമയുടെ തമിഴ് പതിപ്പായ ചന്ദ്രമുഖിയിലെ നൃത്തരംഗങ്ങള്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് നൃത്ത സംവിധായികയായ കലാ മാസ്റ്റര്‍. മലയളത്തില്‍ ശോഭന ചെയ്ത കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിച്ചത് ജ്യോതികയാണ്. സിനിമയുടെ ക്ലൈമാക്‌സില്‍ വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് നൃത്തരംഗം.

ശോഭന അതിമനോഹരമായി നൃത്തം ചെയ്തിരുന്നു. എന്നാല്‍ ജ്യോതികയാണ് തമിഴില്‍ ആ കഥാപാത്രം അവതരിപ്പിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ പലരും തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറയുകയാണ് കലാ മാസ്റ്റര്‍. ജ്യോതികക്ക് ക്ലാസിക്കല്‍ ഡാന്‍സ് വഴങ്ങില്ലെന്നാണ് പലരും പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കലാ മാസ്റ്റര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ചന്ദ്രമുഖിയുടെ ക്ലൈമാക്‌സിലെ ഗാനരംഗം കൊറിയോഗ്രാഫി ചെയ്യാന്‍ ശിവാജി പ്രൊഡക്ഷന്‍സ് എന്നെ വിളിച്ചു. ഈ ഡേറ്റില്‍ ഫ്രീയാണെങ്കില്‍ ക്ലൈമാക്‌സ് ഗാനരംഗം കൊറിയോഗ്രാഫ് ചെയ്യണമെന്നും പറഞ്ഞു. അന്ന് ഞാന്‍ ഫ്രീയായിരുന്നു. ഓഫീസില്‍ പോയി ഷൂട്ടിങ്ങിന്റെ ഭാഗമായ ചര്‍ച്ചകളൊക്കെ നടത്തി. ജ്യോതിക എങ്ങനെയാണ് ക്ലൈമാക്‌സില്‍ അഭിനയിച്ചിരിക്കുന്നതെന്ന എനിക്ക് കാണണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അതൊക്കെ കണ്ടതിനുശേഷം എങ്ങനെ കൊറിയോഗ്രാഫി ചെയ്യണമെന്ന് എനിക്കൊരു ധാരണ വന്നു.

ഞാന്‍ എപ്പോഴും രാവിലെ നാല് മണിക്കാണ് സ്‌റ്റെപ്പ് കമ്പോസ് ചെയ്യുന്നത്. അങ്ങനെ ചന്ദ്രമുഖിക്ക് വേണ്ടി സ്‌റ്റെപ്പ് കമ്പോസ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പലരും പറഞ്ഞു, ഇത്ര വലിയ സ്റ്റെപ്പുകള്‍ ഒന്നും വേണ്ട് ക്ലാസിക്കല്‍ ഡാന്‍സ് കളിക്കാന്‍ ജ്യോതികയെ കൊണ്ട് പറ്റില്ലെന്ന്. ആരാണ് ഇതൊക്കെ പറഞ്ഞന്നതെന്ന് ഞാന്‍ പറയുന്നില്ല.

കമ്പോസ് ചെയ്ത സ്‌റ്റെപ്പ് ജ്യോതികയെ കാണിച്ചപ്പോള്‍ ഇത് ചെയ്യാന്‍ ഭയങ്കര പാടാണെന്ന് പറഞ്ഞു. അതൊന്നും സാരമില്ല നിന്നെകൊണ്ട് നന്നായി ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ പറഞ്ഞു. റിഹേഴ്‌സല്‍ ചെയ്യാന്‍ ഒരുപാട് സമയം ഞാന്‍ ജ്യോതികക്ക് കൊടുത്തിരുന്നില്ല. ക്ലാസിക്കല്‍ ഡാന്‍സ് ഒരുപാട് സമയം പ്രാക്ടീസ് ചെയ്താല്‍ പെര്‍ഫെക്ഷന്‍ നഷ്ടപ്പെടും.

ആ ഗാനരംഗത്തില്‍ വിനീതുമുണ്ട്. ഷൂട്ടിന് വേണ്ടി ഞാനും വിനീതും ഹൈദരാബാദിലേക്ക് പോയി. വിനീത് എക്‌സലെന്റായി നൃത്തം ചെയ്തു. ഷൂട്ടിന് മുമ്പ് ഒരുപാട് പ്രോത്സാഹനം ഞാന്‍ജ്യോതികക്ക് നല്‍കികൊണ്ടിരുന്നു. ജ്യോതിക എങ്ങനെ ഇത് ചെയ്യുമെന്ന ഭയം സെറ്റില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ കരുതിയത് പോലെ തന്നെ ഭംഗിയായി ജോ ചെയ്തു.

ഷൂട്ടിങ് കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ ജ്യോതിക വളരെ ഇമോഷണലായിട്ട് എന്നോട് സംസാരിച്ചു. ജ്യോതികയാണോ ചെയ്യുന്നത് എന്ന് ചോദിച്ച് പലരും എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നെന്നും ഞാന്‍ പറഞ്ഞു. ഈ സോങ്ങാണ് എന്റെ ജീവിതമെന്നും നീ നന്നായി ചെയ്‌തെന്നും ഞാന്‍ പറഞ്ഞു,’ കലാ മാസ്റ്റര്‍ പറഞ്ഞു.

content highlight: choreographer kala master talks about actress jyothika