കോഴിക്കോട്: നാടു നീങ്ങിയെന്നു കരുതിയ കോളറ തിരികെ വരുന്നു എന്ന വാര്‍ത്ത 2017 ഓഗസ്റ്റ് മാസത്തോടെയാണ് പ്രചരിക്കാന്‍ തുടങ്ങിയത്. കോഴിക്കോടും പത്തനംതിട്ടയിലുമായിരുന്നു കോളറ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ജില്ലകളില്‍ നിന്നുമായി മൂന്നു പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയില്‍ മാവൂരിനടുത്തുള്ള തെങ്ങിലക്കടവും പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് പഞ്ചായത്തുമാണ് കോളറ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍. പത്തനംതിട്ട ജില്ലയില്‍ കോളറ ബാധിച്ച ഇതരസംസ്ഥാനത്തൊഴിലാളിയായ പതിനെട്ടുകാരന്‍ ബിശ്വജിത്ത് ദാസ് മരിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ കോളറ ബാധയെക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയുടെ നേതൃത്വത്തില്‍ അഞ്ചംഗ വിദഗ്ധസംഘത്തെ നിയോഗിച്ചിരുന്നു. കോഴിക്കോടിന്റെ സമീപജില്ലയെന്ന നിലയില്‍ മലപ്പുറത്തും ഇവര്‍ പരിശോധന നടത്തിയിരുന്നു. മാവൂരില്‍ ആരോഗ്യവകുപ്പും പ്രദേശിക ഭരണകൂടവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം അന്വേഷണത്തെ ബാധിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് ലേബര്‍ കോളനികളില്‍ നിന്നും തൊഴിലാളികളെ ഒഴിപ്പിച്ച പ്രാദേശിക ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. രോഗ നിര്‍ണ്ണയം നടത്താതെ ആളുകളെ ഒഴിപ്പിച്ച് ആശങ്ക സൃഷ്ടിച്ചിരുന്നു.
പത്തനംതിട്ട വള്ളിക്കോട്ടും കോഴിക്കോട്ടു മാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളിലാണ് കോളറ ബാധ സ്ഥിരീകരിച്ചത്. മാവൂരില് 12 പേരില് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെ കിണര്‍ വെള്ളത്തില്‍ കോളറ പരത്തുന്ന വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
മലപ്പുറത്ത് കുറ്റിപ്പുറത്തെ നാലു കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നതായും പത്രവാര്‍ത്തകളില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നാലുപേര് ഈ മേഖലയില്‍ കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു. പക്ഷേ, ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടില്‍ ഇവരുടെ മരണകാരണം അതിസാരമാണെന്നായിരുന്നു ഉണ്ടായിരുന്നത്. അന്ന് 17 പേര് കോളറ ലക്ഷണങ്ങളോടെയും നൂറിലേറെപ്പേര്‍ അതിസാരം പിടിപെട്ടും ചികിത്സ തേടുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് കോളറ പടര്‍ന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബംഗാളില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്കിടയില്‍ കോളറ വ്യാപിക്കാനുള്ള കാരണം ഗംഗാനദിയും അതിന്റെ തീര പ്രദേശങ്ങളുമാണ്. അഴിമുഖപ്രദേശത്ത് ലവണാംശത്തില്‍ ഉണ്ടാകുന്ന കുറവ് വിബ്രിയോ കോളറയെ സ്ഥായിയായി നിലനിര്‍ത്താനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കും. ഗംഗാ ഡെല്‍റ്റാ പ്രദേശങ്ങളിലെ പ്ലവങ്ങളിലും ജലജീവികളിലും കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ രംഗത്തെ വിദഗ്ദ്ധനായ ഡോ. സായി ഡി.എസ് ഓഗസ്റ്റ് 12ന് മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.
കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത എല്ലാ കോളറ രോഗികളും ബംഗാളില്‍ നിന്നും കേരളത്തിലേക്ക് വന്നവരാണ്. കോഴിക്കോട് ചാലിയാറിന്റെ തീരത്തും പത്തനംതിട്ടയില്‍ അച്ചന്‍ കോവിലാറിന്റെ തീരത്തുമുള്ള ഗ്രാമപ്രദേശങ്ങളില്‍ ആയിരുന്നു കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജല സ്രോതസുകള്‍ മലിനമാകുന്നതിന്റെ തോത് കുറവായതിനാല്‍ രോഗം തദ്ദേശവാസികളിലേക്ക് വ്യാപിക്കാതിരുന്നത്.
മുമ്പും കേരളത്തിലും ഇന്ത്യയിലും കോളറ റിപ്പോര്ട്ട് ചെയ്തിരുന്നു. കഠിനപ്രയത്‌നത്തിലൂടെയാണ് ആരോഗ്യ വകുപ്പും സര്‍ക്കാരും സംസ്ഥാനത്തു നിന്നും കോളറ നിര്‍മാര്‍ജ്ജനം ചെയ്തത്. കോളറയുടെ ചരിത്രത്തിലേക്ക് പോകുന്നതിന് മുമ്പ് കോളറ എന്താണെന്ന് അറിയണം. ആരോഗ്യ സംബന്ധമായ വിഷയങ്ങളില്‍ ഏറ്റവും ആധികാരികമായി ഇടപെടലുകള്‍ നടത്തുന്ന ഡോക്ടര്‍മാരുടെ സംഘമായ ഇന്‍്്്‌ഫോ ക്ലിനിക്ക് കേരളത്തില്‍ വീണ്ടും കോളറ റിപ്പോര്‍ട്ട് ചെയ്ത് സമയത്ത് എഴുതിയ ലേഖനത്തില് കോളറെയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്…
“വിബ്രിയോ കോളറ എന്ന ഒരു ബാക്റ്റീരിയ ഉണ്ടാകുന്ന കുടലുകളിലെ അണുബാധയാണ് കോളറ. കഞ്ഞിവെള്ളം പോലെ മലം പോകുന്ന വയറിളക്കമാണ് കോളറയുടെ പ്രത്യേകത. ഏതെങ്കിലും പ്രത്യേക ഏരിയയിലോ, ഒരു സംസ്ഥാനം മുഴുവനായോ അല്ലങ്കില്‍ പല രാജ്യങ്ങളിലോ അണുബാധ ഉണ്ടാവാം. രോഗാണുക്കള്‍ ഉള്ള വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് അസുഖം പകരുന്നത്. അസുഖമുള്ളവരുടെ മലത്തിലൂടെ പുറത്തുവരുന്ന ബാക്ടീരിയ വീണ്ടും ജലശ്രോതസുകളെ മലിനമാക്കും. ചെറിയ വയറിളക്കം മുതല് കേവലം മണിക്കൂറുകള്‍ക്കുള്ളില്‍ മരണം വരെ സംഭവിക്കാവുന്ന അത്ര ഗുരുതരമായും രോഗം വരാം.
ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും അകത്തെത്തുന്ന ബാക്റ്റീരിയക്ക് പെറ്റുപെരുകാന്‍ കുറെയധികം തടസങ്ങള്‍ തരണം ചെയ്യേണ്ടതുണ്ട്. ആമാശയത്തിലെ അമ്ലത്വമാണ് ഇതില്‍ പ്രധാനം. ആസിഡ് ബാക്റ്റീരിയയെ നിര്‍ജ്ജീവമാക്കും, അതുകൊണ്ടു വളരെയധികം അണുക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ അണുബാധ ഉണ്ടാക്കാന് സാധിക്കൂ.
ഈ തടസങ്ങളൊക്കെ മറികടന്നു ചെറുകുടലില്‍ എത്തുന്ന ബാക്റ്റീരിയ അവിടെ പെരുകുകയും, ഒരു “”വിഷം ” പുറത്തേക്കു വമിപ്പിക്കുകയും ചെയ്യും. ഈ വിഷം കുടലിന്റെ ഭിത്തിയിലെ കോശങ്ങളില്‍ പറ്റിപിടിച്ചിരിക്കും. ഇതിന്റെ പ്രവത്തനഫലമായി കുടലിലേക്കു കോശങ്ങളില് നിന്ന് ജലാംശം നഷ്ടപ്പെടും. ഇതാണ് വെള്ളം പോലെ മലം പോകാന് കാരണം.”
കോളറ അണുക്കള്‍ ഉള്ള മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് അണുക്കള് ശരീരത്തില് എത്തുന്നത്. കക്കൂസുകളിലല്ലാതെ തുറന്ന സ്ഥലത്തുള്ള മല വിസര്ജ്ജനം,ശുദ്ധമല്ലാത്ത ജലസ്രോതസുകള്‍, ശുദ്ധമല്ലാത്ത ജലവിതരണ സംവിധാനം തുടങ്ങിയവയാണ് കോളറ പരക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
കോളറയുടെ ലക്ഷണങ്ങളായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത് ഇവയാണ്.
1 ഒഴിച്ചില് /അതിസാരം /ലൂസ് മോഷന്‍
രോഗാണുക്കള് ഉള്ളില് കടന്നാല് 24-48 മണിക്കൂറുകള്‍ക്കകം ലക്ഷണം കണ്ടു തുടങ്ങും. കോളറ ഉള്ളവരില്‍ ആദ്യം ഉണ്ടാകുന്ന ലക്ഷണം അതിസാരമാണ്. വേദനയില്ലാത്ത, വെള്ളം പോലെ പോകുന്നതില് മലത്തിന്റെ അംശം കുറവെങ്കിലും വെള്ളത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. കഞ്ഞിവെള്ളം പോലെയിരിക്കുന്ന കോളറയിലെ മലത്തിന് rice watster oolsഎന്നാണ് വിളിക്കുന്നത്.
2 ഛര്‍ദ്ദി – ഛര്‍ദ്ദി ആദ്യമേ തന്നെ ഉണ്ടാകണമെന്നില്ല. സാധാരണയായി വയറിളക്കം തുടങ്ങിയതിനു ശേഷമാണു ഛര്‍ദ്ദി തുടങ്ങുക.
3 നിര്ജ്ജലീകരണം – കോളറയുടെ ഏറ്റവും ഗുരുതരമായ ലക്ഷണമാണ് നിര്‍ജ്ജലീകരണം. അതിസാരവും ഛര്‍ദ്ദിയും മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ് നിര്‍ജ്ജലീകരണത്തിനു കാരണം. മറ്റു വയറിളക്കങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോളറ ബാധിതരില്‍ നിര്‍ജ്ജലീകരണം ഉണ്ടാകും.
കുറച്ചു ജലാംശം നഷ്ടപ്പെടുമ്പോള്‍ തന്നെ, അമിതമായ ദാഹം കണ്ടു തുടങ്ങും. വീണ്ടും ജലാംശം നഷ്ടപെടുന്നതനുസരിച്ചു ക്ഷീണം, തലകറക്കം, നെഞ്ചിടിപ്പ്, നാവും തൊലിയും വരളുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടാവും. 10 ശതമാനത്തില്‍ കൂടുതല്‍ ശരീരഭാരത്തില്‍ കുറവുണ്ടായാല്‍ ഏറെ ഗുരുതര അവസ്ഥയായി. ഓര്‍മ്മക്കുറവ്, ബോധക്ഷയം, കണ്ണുകള്‍ കുഴിയുക, മൂത്രത്തിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങള് ഉണ്ടാവാം.
കോളറയുടെ ചരിത്രത്തില്‍ നമ്മുടെ ഇന്ത്യയുടെ സ്ഥാനം ഒരിക്കലും മറക്കാന്‍ പറ്റുന്നതല്ല. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ കോളറ പാന്‍ഡെമിക് (ലോകത്താകമാനം രോഗം പൊട്ടിപ്പുറപ്പെടുന്ന അവസ്ഥ) ആരംഭിച്ചത് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്നായിരുന്നുവെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യം പറയുന്നു. അവിടെ നിന്ന് ഏഷ്യയുടെ പലഭാഗങ്ങളിലേക്കും കോളറ പടര്‍ന്നു. ലോകത്തു ഇതുവരെ 7 കോളറ പാന്‍ഡെമിക്കുകള്‍ ഉണ്ടായിട്ടുണ്ട്. ലോകത്താകമാനം കോടി കണക്കിന് ആളുകളുടെ മരണത്തിനു കോളറ കാരണമായെന്നാണ് കണക്ക്.
1900 മുതല്‍ 1920 വരെയുള്ള കാലത്തു ഇന്ത്യയില്‍ മാത്രം 8 ദശലക്ഷം ആളുകള്‍ കോളറ മൂലം മരിച്ചുവെന്നാണ് കണക്ക്. ഇന്നും ഓരോ വര്‍ഷവും ലോകത്തു ആകമാനം 5 മില്യണ്‍ ആളുകള്‍ക്ക് കോളറ പിടിപെടുന്നുണ്ടെന്നും ഏകദേശം ഒരു ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്യുന്നുവെന്നുമാണ് അനുമാനം. ലോകം മുഴുവനുമായി കോളറ ബാധിച്ച് കോടിക്കണക്കിന് പേര് മരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലാണ് ഈ രോഗം ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്. വിഷൂചിക എന്നാണ് ഇന്ത്യയില്‍ ഈ രോഗം അറിയപ്പെടുന്നത്.
കേരളത്തിലേക്ക് കോളറയെത്തുന്നതും അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ്. വയനാട്, പാലക്കാട് ജില്ലകളിലായിരുന്നു കോളറ ആദ്യകാലങ്ങളില്‍ വ്യാപകമായിരുന്നത്. ഇവ രണ്ടും അതിര്‍ത്തി ജില്ലകളാണ്. വയനാട് കര്‍ണ്ണാടകവും തമിഴ്‌നാടുമായും പാലക്കാട് തമിഴ്‌നാടുമായും അതിര്‍ത്തി പങ്കിടുന്നു. വയനാടിലെ കോളനികളില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് കൃഷിപ്പണിക്കും മറ്റുമായി പോയിരുന്നവരിലൂടെയായിരുന്നു കോളറ കേരളത്തിലെത്തിയിരുന്നത്. അങ്ങനെ എത്തിയ രോഗം കോളനിയില്‍ പടര്‍ന്നു പിടിക്കുമ്പോഴാണ് പലപ്പോഴും അറിയാന്‍ സാധിക്കുന്നത്. ഇന്നും ഇത്തരത്തില്‍ കോളറ ഇടയ്ക്കിടെ കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഡോ.മഞ്ജുള പറയുന്നു.
ഓഗസ്റ്റില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ കുറിച്ച് പഠനം നടത്തിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു ഡോ.മഞ്ജുള. ഈ വര്‍ഷം കോളറ റിപ്പോര്‍ട്ട് ചെയ്തതെല്ലാം അന്യസംസ്ഥാന തൊഴിലാളികളിലായിരുന്നുവെന്നും വൃത്തിയുള്ള തൊഴിലിടങ്ങളും താമസ സൗകര്യങ്ങളഉിടേയും അപര്യാപ്തതയാണ് ഇതിന് കാരണമെന്നും ഡോക്ടര്‍ മഞ്ജുള ഡൂള്‍ ന്യൂസിനോട് വ്യക്തമാക്കി.
പലപ്പോഴും ബംഗാളില്‍ നിന്നും മറ്റും വരുന്ന തൊഴിലാളികള്‍ താമസിക്കുന്നത് ഒട്ടും വൃത്തിയില്ലാത്ത മുറികളിലും ഓടകളുടെ പരിസരത്തുമൊക്കെയായിരിക്കും. കുടിക്കുന്നതും വൃത്തിയില്ലാത്ത വെള്ളമായിരിക്കും. അത് കോളറ, വയറിളക്കം പോലുളള രോഗങ്ങള്‍ പടരാന്‍ എളുപ്പമാകുമെന്ന് ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ നിന്നും പുറത്താക്കാന്‍ സാധിക്കില്ല. അവരിന്ന് നമ്മുടെ സമൂഹത്തിന് അഭിവാജ്യമായിരിക്കുന്നു. അതുകൊണ്ട് ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പടെയുള്ളവര്‍ക്ക് ശുചിത്വത്തെ കുറിച്ചും വ്യക്തിശുചിത്വത്തെ കുറിച്ച് ബോധവത്കരണ ക്ലാസുകള്‍ നല്‍കുകയും അവരെ അവബോധരാക്കുകയാണ് വേണ്ടതെന്നും മഞ്ജുള പറയുന്നു.
അതേസമയം, ഇതുപോലുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ശുചിത്വത്തെ കുറിച്ച് ക്ലാസുകള്‍ നല്‍കി അവബോധമുണ്ടാക്കുക എന്നതുപോലെ തന്നെ വൃത്തിയുള്ള സ്ഥലങ്ങളിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതെന്ന് ഉറപ്പു വരുത്തണം. ഈ കാര്യത്തില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ് വേണ്ട ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും മഞ്ജുള കൂട്ടിച്ചേര്‍ത്തു.
ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ഡോക്ടര്‍ മഞ്ജുള മുന്നോട്ട് വെക്കുന്ന മാര്‍ഗ്ഗം ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റാണ്. ഇതിലൂടെ അവര്‍ ഏതെങ്കിലും തരത്തിലുള്ള രോഗമുള്ളവരാണോ രോഗലക്ഷണമുള്ളവരാണോ എന്ന് മനസിലാക്കാനും വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും ചികിത്സയും സാധിക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.
ഇതോടൊപ്പം തന്നെ ചേര്‍ത്തു വെച്ച് വായിക്കേണ്ടതാണ് വടകര നഗരസഭ ആരോഗ്യ കാര്‍ഡ് ക്യാംപില്‍ നടത്തിയ പരിശോധനയില്‍ 13 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി കണ്ടെത്തിയെന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ പ്രത്യേക പരിശോധനയിലായിരുന്നു രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. എഴുന്നൂറോളം പേരാണ് ക്യാംപില്‍ പങ്കെടുത്തത്. 446 പേര്‍ മാത്രമേ നഗരസഭയുടെ കണക്കില്‍ സ്ഥിരതാമസക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെ ഇവിടെയുള്ളൂ എന്നതും ശ്രദ്ധേയമാണ്. അതേസമയം, ആരോഗ്യ ക്യാംപില്‍ പങ്കെടുക്കാന്‍ തയ്യാറായി തൊഴിലാളികള്‍ മുന്നോട്ടു വന്നതിനെ പോസിറ്റീവായി കാണണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനത്ത് ആദ്യമായി നടത്തിയ ക്യാംപിലൂടെ ഇത്രയും പേരെ പരിശോധിക്കാന്‍ സാധിച്ചതിലൂടെ അവരുടെ ആരോഗ്യം ഉറപ്പുവരുത്താനും സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് കോളറ പോലുള്ള സാംക്രമിക രോഗങ്ങളെ ചെറുക്കാന്‍ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.