പത്തനംതിട്ട: അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കടുത്ത ആരോപണവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എം.ജി കണ്ണന്‍ ജാതി പറഞ്ഞ് വോട്ടു പിടിച്ചെന്നാണ് മണ്ഡലത്തിലെ നിലവിലെ എം.എല്‍.എ കൂടിയായ ചിറ്റയം ഗോപകുമാറിന്റെ പരാതി.
എം. ജി കണ്ണന്റെ മകന്റെ രോഗവിവരം തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയെന്നും ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചു.
അതേസമയം ചിറ്റയം ഗോപകുമാറിന് പരാജയ ഭീതിയാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നെന്നുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ജി കണ്ണന്‍ പറയുന്നത്.
സ്ഥാനാര്‍ത്ഥിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് സി.പി.ഐയും എല്‍.ഡി.എഫും മറുപടി പറയണമെന്നും എം. ജി കണ്ണന്‍ ആവശ്യപ്പെട്ടു. അടൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപനും വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്നും എം. ജി കണ്ണന്‍ കുറ്റപ്പെടുത്തി.
2011 മുതല്‍ അടൂരിലെ എം.എല്‍.എ ചിറ്റയം ഗോപകുമാറാണ്. 1991 മുതല്‍ യു.ഡി.എഫിന്റെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടര്‍ച്ചയായി നാല് തവണ ജയിച്ചു കയറിയ മണ്ഡലമായിരുന്നു അടൂര്‍. 2011ല്‍ കോണ്‍ഗ്രസിന്റെ പന്തളം സുധാകരനെയും 2016ല്‍ കെ. കെ ഷാജുവിനെയും പരാജയപ്പെടുത്തിയാണ് ചിറ്റയം ഗോപകുമാര്‍ നിയമസഭയിലെത്തിയത്.
ഇത്തവണ കടുത്ത മത്സരമാണ് അടൂരില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ജാതിപറഞ്ഞ് വോട്ടു ചോദിച്ചെന്ന ആരോപണവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രംഗത്തെത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക