മമതയുടെ 'സ്വന്തം' ചിട്ടിക്കമ്പനി: ചെയര്‍മാന്‍ അറസ്റ്റില്‍
India
മമതയുടെ 'സ്വന്തം' ചിട്ടിക്കമ്പനി: ചെയര്‍മാന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2013, 12:50 am

ശ്രീനഗര്‍: നിക്ഷേപകരെയും കലക്ഷന്‍ ഏജന്റുമാരെയും വഞ്ചിച്ച് മുങ്ങിയ പശ്ചിമ ബംഗാളിലെ ശാരദ ഗ്രൂപ്പ് ഓഫ് ചിട്ടി ഫണ്ട് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുദീപ്ത സെന്നിനെയും രണ്ട് സഹായികളേയും ജമ്മു കാശ്മീരിലെ സോന മാര്‍ഗിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തു.

കമ്പനി ചെയര്‍മാന്‍ സുദീപ്ത സെന്‍ സഹായികളായ ദേബ്ജാനി മുഖോപാദ്ധ്യായ, അരവിന്ദ് സിംഗ് ചൗഹാന്‍ എന്നിവരും തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റിലായത്. ബംഗാള്‍ പോലീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് ജമ്മു കാശ്മീര്‍ പോലീസിന്റെ നടപടി. ബംഗാള്‍ പോലീസിന്റെ ഒരു സംഘം ഗന്ദര്‍ബാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

സുദിപ് സെന്നിന്റെ സ്വത്തുക്കള്‍ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. []

അറസ്റ്റിലായ പ്രതികള്‍ക്കുവേണ്ടി പൊലീസ് നേരത്തേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ശാരദ ഗ്രൂപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അരവിന്ദ്. ജാര്‍ഖണ്ഡില്‍ ശാരദ ഗ്രൂപ്പിന്റെ ബിസിനസ് മേധാവിയായിരുന്നു ഇയാള്‍. കമ്പനിയുടെ ഡല്‍ഹിയിലുള്ള മുതര്‍ന്ന ഉദ്യോഗസ്ഥനാണ് ദെബ്ജാനി മുഖര്‍ജി. ശാരദ ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലുള്ള പ്രധാന ചിട്ടി കമ്പനിയാണു ശാരദ ഗ്രൂപ്പ്. റിയാലിറ്റി, ടൂറിസം, ഹോസ്പിറ്റാലിറ്റി, അഗ്രി ബിസിനസ്, മീഡിയ എന്നിവയിലും ഇവര്‍ക്കു പങ്കാളിത്തമുണ്ട്. നിയമലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന ചിട്ടി കമ്പനികള്‍ക്കെതിരേ സെബി ശക്തമായ നടപടി തുടങ്ങിയതോടെയാണു ശാരദ ഗ്രൂപ്പിന്റെ ശനിദശ തുടങ്ങിയത്.

ശാരദ ഗ്രൂപ്പിന്റെ കീഴിലുള്ള മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ശമ്പളം ലഭിക്കുന്നില്ലെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണു ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കഥകള്‍ പുറംലോകമറിയുന്നത്. 10ഓളം മാധ്യമ സ്ഥാപനങ്ങള്‍ ഇതുമൂലം അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. 1000ല്‍പ്പരം മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലിനെത്തന്നെ ബാധിച്ചിരിക്കുകയാണു പ്രതിസന്ധി.

ചിട്ടി കമ്പനി പൊളിഞ്ഞതോടെ ലക്ഷക്കണക്കിന് ഇടപാടുകാരുടെ പണം നഷ്ടമായ സ്ഥിതിയാണിപ്പോള്‍. പലരും ആത്മഹത്യാശ്രമം നടത്തിയതായും വാര്‍ത്തകളുണ്ട്. ചിട്ടി കമ്പനി ഏജന്റുമാരായി പ്രവര്‍ത്തിച്ച ചിലരും ആത്മഹത്യാശ്രമം നടത്തിയായും റിപ്പോര്‍ട്ട്.

ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കളുമായി കമ്പനി നടത്തിപ്പുകാര്‍ക്കുള്ള ഉറ്റ ബന്ധമാണ് കമ്പനിയിലേക്ക് നിക്ഷേപകരെ വന്‍തോതില്‍ ആകര്‍ഷിച്ചത്. അതിനിടെ, കമ്പനിയില്‍ 30,000 രൂപ നിക്ഷേപിച്ചിരുന്ന അമ്പതുകാരി ഞായറാഴ്ച സ്വയം തീകൊളുത്തി മരിച്ചു.

ഒരു കലക്ഷന്‍ ഏജന്റ് ആത്മഹത്യാ ശ്രമവും നടത്തി. വമ്പിച്ച ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് കമ്പനിയില്‍ ലക്ഷക്കണക്കിനാളുകള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കമ്പനികാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ റസീവറെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

അതേസമയം ശാരദ ഗ്രൂപ്പിന്റെ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളെല്ലാം അവസാനിപ്പിക്കാന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ നിര്‍ദേശിട്ടുണ്ട്.  നിക്ഷേപകരുടെ പണം മൂന്നു മാസത്തിനകം തിരികെ നല്‍കണമെന്നും ശാരദ ഗ്രൂപ്പിനു സെബി നിര്‍ദേശം നല്‍കി.

ശാരദ ഗ്രൂപ്പ് റിയാല്‍റ്റിയെ ഓഹരി വിപണിയില്‍നിന്നു നീക്കാനും സെബി ഉത്തരവിട്ടിട്ടുണ്ട്. നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കുന്നതുവരെയാണിത്.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. കുനാള്‍ ഘോഷ് സി.ഇ.ഓ. ആയ താര മ്യൂസിക്, താര ന്യൂസ്, ചാനല്‍ 10 എന്നീ ടി.വി. ചാനലുകളും ബംഗാള്‍ പോസ്റ്റ്, സെവന്‍ സിസ്‌റ്റേഴ്‌സ് പോസ്റ്റ്, ഷൊക്കാല്‍ ബേല എന്നീ പത്രങ്ങളും അടച്ചുപൂട്ടിയാണ് ഉടമയായ സുദീപ്താ സെന്‍ ഒളിവില്‍ പോയത്.

മമത ബാനര്‍ജി അധികാരത്തില്‍ വന്നതിനുശേഷം തൃണമൂല്‍ നേതാക്കളും അവരുമായി അടുപ്പമുള്ളവരും നടത്തുന്ന ചിട്ടിക്കമ്പനികള്‍ വന്‍ തോതില്‍ വന്നിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും നിബന്ധനകള്‍ പാലിക്കാതെയായിരുന്നു ഇവര്‍ പണം കൈമാറ്റം നടത്തയിരുന്നത്.

ഉയര്‍ന്ന പലിശയും വരുമാനവും വാഗ്ദാനംചെയ്താണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. തൃണമൂലിന്റെ സാമ്പത്തിക സ്രോതസ്സുകളായ ചിട്ടിക്കമ്പനികള്‍ ഗ്രാമീണമേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.