ചൈനയിലെ 'പ്രിന്‍സ് ഓഫ് പിയാനോ' ലി യുന്‍ദിനെ ലൈംഗിക തൊഴിലാളിയ്‌ക്കൊപ്പം അറസ്റ്റ് ചെയ്തു; വിനോദ മേഖലയ്ക്ക് മേല്‍ ചൈനീസ് സര്‍ക്കാരിന്റെ 'രണ്ടാം സാംസ്‌കാരിക വിപ്ലവ'മെന്ന് വിമര്‍ശകര്‍
ബീജിങ്: ചൈനയില്‍ പ്രമുഖ പിയാനിസ്റ്റും ടെലിവിഷന്‍ റിയാലിറ്റി താരവുമായ ലി യുന്‍ദിയെ അറസ്റ്റ് ചെയ്തു. ലൈംഗിക തൊഴിലാളിയെ സമീപിച്ചു എന്നാരോപിച്ചാണ് ‘പ്രിന്‍സ് ഓഫ് പിയാനോ’ എന്നറിയപ്പെടുന്ന ലീയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടത്.
29 വയസുള്ള സ്ത്രീയ്‌ക്കൊപ്പം ലീയെ ബീജിങ് പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വഴി ലീയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ബീജിങ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഒരു പിയാനോയുടെ ചിത്രം ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയില്‍ പോസ്റ്റ് ചെയ്തായിരുന്നു ബീജിംഗ് പൊലീസ് അറസ്റ്റ് പ്രഖ്യാപിച്ചത്.
വിനോദ വ്യവസായത്തിന് വിലങ്ങിട്ടുകൊണ്ടും ചൈനീസ് സമൂഹത്തെ ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുമുള്ള പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ‘പരിഷ്‌കാരങ്ങളേ’യും ചൈനീസ് സര്‍ക്കാര്‍ ഈയിടെയായി കൊണ്ടുവന്ന നിയന്ത്രണങ്ങളെയും ‘രണ്ടാം സാംസ്‌കാരിക വിപ്ലവം’ എന്നാണ് രാജ്യത്തിന് പുറത്തുള്ള വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്.
ഭരണകൂട നിര്‍ദേശങ്ങളെ വെല്ലുവിളിക്കുന്ന ഏതൊരാള്‍ക്കും നാശമുണ്ടാകുമെന്നായിരുന്നു ദേശീയ മാധ്യമമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം പീപ്പിള്‍സ് ഡെയ്‌ലി, ലീയുടെ അറസ്റ്റിന് പിന്നാലെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്.
ചൈനയിലെ സംഗീതജ്ഞരുടെ ഔദ്യോഗിക സംഘടനയായ ‘ദ ഒഫീഷ്യല്‍ ചൈന മ്യുസിഷന്‍സ് അസോസിയേഷന്‍’ ലീയെ സംഘടനയില്‍ നിന്നും പുറത്താക്കുമെന്നും പറഞ്ഞു. രാജ്യത്തെ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും ലീയുടെ സംഗീതപരിപാടികളുടെ വീഡിയോകളും നീക്കം ചെയ്തു.
”ചിലര്‍ ചൈനീസ് സമൂഹത്തിന്റെ ധാര്‍മികതയെയും നിയമ വ്യവസ്ഥയുടെ അന്തസിനെയും വെല്ലുവിളിക്കുന്നു. അച്ചടക്കവും നിയമങ്ങളും പാലിക്കുക എന്നത് രാജ്യത്ത് പ്രാധാന്യമാണ്. ഈ അടിസ്ഥാന തത്വങ്ങളെ മറികടക്കാന്‍ ധൈര്യപ്പെടുന്ന ഏതൊരാളും നിയമങ്ങളെയും സാമൂഹിക ധാര്‍മികതയെയും വെല്ലുവിളിക്കുന്നവരാണ്,” പീപ്പിള്‍സ് ഡെയ്‌ലി വെയ്ബോയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
രാഷ്ട്രീയകാര്യങ്ങളിലെ ഇടപെടലുകള്‍, വരുമാനം ഒളിച്ചുവെയ്ക്കല്‍, ഫാന്‍സ് അസോസിയേഷന്‍ സംസ്‌കാരം എന്നിവയില്‍ നിന്നും സെലിബ്രിറ്റികളെ നിരോധിച്ചു കൊണ്ട് ചൈനീസ് സര്‍ക്കാര്‍ ആരംഭിച്ച നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ ലീയുടെ അറസ്റ്റും. ഇതിന്റെ ഭാഗമായി നേരത്തെ പ്രമുഖ നടി ഷാവോ വെയിനെ ചൈനീസ് ഇന്റര്‍നെറ്റില്‍ നിന്നും ബ്ലാക്ക് ലിസ്റ്റ് ചെയ്തിരുന്നു.
ചൈനയിലെ വാര്‍ത്തകളും പൊതുജനാഭിപ്രായവും ഇനി പാശ്ചാത്യ സംസ്‌കാരത്തെ ആരാധിക്കുന്നതാകില്ല എന്നതാണ് പരമമായ വിപ്ലവമെന്നാണ് മാധ്യമങ്ങളിലൂടെ സര്‍ക്കാരിന്റെ ഈ കാംപെയിന്‍ നല്‍കുന്ന മുന്നറിയിപ്പ്.
2013ല്‍ ചൈനീസ്-അമേരിക്കന്‍ ബ്ലോഗറായ ചാള്‍സ് സ്യൂവിനെയും ബീജിങ് പൊലീസ് ലീ യുന്‍ദിയെതിന് സമാനമായ കുറ്റങ്ങള്‍ ചുമത്തി കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്തെ മലിനീകരണത്തെക്കുറിച്ചും കുട്ടികളെ ലക്ഷ്യം വെച്ചുള്ള മനുഷ്യകടത്തിനെക്കുറിച്ചുമാണ് സ്യൂ എഴുതിയിരുന്നത്. എന്നാല്‍ അറസ്റ്റിന് ശേഷം എഴുത്ത് നിര്‍ത്തുകയായിരുന്നു.