ന്യൂയോര്‍ക്ക്: 2022ല്‍ ബീജിങ്ങില്‍ വെച്ച് നടക്കാനിരിക്കുന്ന വിന്റര്‍ ഒളിംപിക്‌സ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന.
‘ഈ നയതന്ത്ര ബഹിഷ്‌കരണത്തിന് അമേരിക്ക വലിയ വില കൊടുക്കേണ്ടി വരും,’ എന്നായിരുന്നു ചൈനയുടെ പ്രതികരണം. ചൊവ്വാഴ്ചയാണ് സര്‍ക്കാരിന്റെ പ്രസ്താവന പുറത്തുവന്നത്.
ബഹിഷ്‌കരണത്തിനെതിരായ നടപടി ചൈനയുടെ ഭാഗത്ത് നിന്നും വൈകാതെ ഉണ്ടാവുമെന്നും പ്രസ്താവനയില്‍ പറയുന്നു. ‘സ്റ്റേ ട്യൂണ്‍ഡ്’ എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഷാവോ ലിജ്യാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നുണകളും അപവാദങ്ങളും അടിസ്ഥാനമാക്കിയാണ് അമേരിക്ക ബീജിങ് ഒളിംപിക്‌സ് വിഷയത്തില്‍ ഇടപെടുന്നതെന്നും ലിജ്യാങ് പ്രതികരിച്ചു.
ഒളിംപിക്‌സിന്റെ ഭാഗമായി ചൈനയിലേയ്ക്ക് തങ്ങളുടെ രാജ്യത്ത് നിന്നും സര്‍ക്കാര്‍ പ്രതിനിധികളെ അയക്കില്ലെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയിലാണ് ചൈനീസ് തലസ്ഥാനമായ ബീജിങില്‍ വിന്റര്‍ ഒളിംപിക്‌സ് നടക്കാനിരിക്കുന്നത്.
ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളോടും ഉയിഗ്വര്‍ മുസ്‌ലിങ്ങള്‍ അടക്കമുള്ള വിഭാഗങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനോടുമുള്ള പ്രതിഷേധമായാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍, തങ്ങളുടെ പ്രതിനിധികളെ അയക്കാതെ ഒളിംപിക്‌സ് നയതന്ത്രപരമായി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.