ബെയ്ജിംഗ്: ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമത്തിന് പിന്നാലെ അമേരിക്കക്കെതിരെ രൂക്ഷ പരിഹാസവുമായി ചൈന. 2019ല്‍ ഹോങ്കോംഗിന്റെ ചൈനീസ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തോടും ഇപ്പോള്‍ ക്യാപിറ്റോള്‍ ആക്രമണത്തോടും അമേരിക്ക സ്വീകരിച്ച നിലപാടുകളിലെ വൈരുദ്ധ്യം പരാമര്‍ശിച്ചായിരുന്നു ചൈനയുടെ പരിഹാസം.
ഹോങ്കോംഗ് പ്രതിഷേധക്കാര്‍ നിയമസഭാ മന്ദിരം കയ്യടക്കി നടത്തിയ പ്രതിഷേധത്തിന്റെയും ക്യാപിറ്റോള്‍ ആക്രമണത്തിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് ട്വീറ്റ് ചെയ്തുകൊണ്ടാണ് ചൈനീസ് സര്‍ക്കാരിന്റെ ടാബ്ലോയിഡ് പത്രമായ ഗ്ലോബല്‍ ടൈംസ് രംഗത്തെത്തിയത്.
2019ല്‍ ചൈനീസ് സര്‍ക്കാരിനെതിരെ ഹോങ്കോംഗ് നടത്തിയ ജനാധിപത്യ പ്രക്ഷോഭത്തെ എത്ര മനോഹരമായ കാഴ്ചയെന്ന് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി വിശേഷിപ്പിച്ചിരുന്നു. വളരെ സമാധാനപരമായി ഹോംങ്കോഗ് പ്രതിഷേധം നടന്നിരുന്ന സമയത്തായിരുന്ന നാന്‍സി പെലോസിയുടെ ഈ പ്രസ്താവന. ഇതുവെച്ചുകൊണ്ടായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ വിമര്‍ശന പരിഹാസം.
‘സ്പീക്കര്‍ പെലോസി ഒരിക്കല്‍ ഹോങ്കോംഗ് പ്രതിഷേധത്തെ വിശേഷിപ്പിച്ചത് എത്ര മനോഹരമായ കാഴ്ച എന്നായിരുന്നു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന സംഭവങ്ങളോടും ഇതു തന്നെ അവര്‍ പറയുമോയെന്ന് കാത്തിരുന്ന് കാണാം,’ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു.
ചൈനയിലെ കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗും മനോഹരമായ കാഴ്ച എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു ക്യാപിറ്റോള്‍ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. അമേരിക്കയിലെ മാധ്യമങ്ങളടക്കം ചിലരുടെ ക്യാപിറ്റോള്‍ ആക്രമണത്തോടുള്ള നിലപാട് വളരെ വൈരുദ്ധ്യാത്മകമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും അഭിപ്രായപ്പെട്ടു.
‘ഈ പരസ്പര വിരുദ്ധമായ നിലപാടുകള്‍ കൃത്യമായ വിശകലനത്തിനും ഗൗരവതരമായ ചിന്തകള്‍ക്കും പാത്രമാകേണ്ടതാണ്.’ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു.
ചൈനയുടെ പ്രധാന സമൂഹമാധ്യമമായ വീബോയില്‍ ‘Trump supporters storm US Capitol (ട്രംപ് അനുകൂലികള്‍ യു.എസ് ക്യാപിറ്റോള്‍ ആക്രമിക്കുന്നു)’ ട്രെന്‍ഡിംഗ് ഹാഷ്ടാഗ് ആയിരുന്നു. ആഗോളതലത്തില്‍ ഹോങ്കോംഗ് പ്രതിഷേധത്തിന് ലഭിച്ച പിന്തുണയും ട്രംപ് അനുകൂലികള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധവുമായിരുന്നു വീബോയിലെ പ്രധാന ചര്‍ച്ചാവിഷയം.
ഹോംങ്കോഗില്‍ നടന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിക്കുന്നതെന്നും പക്ഷേ പാശ്ചാത്യരാജ്യങ്ങള്‍ ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്നുമാണ് മിക്ക കമന്റുകളും.
അതേസമയം ഹോംങ്കോഗ് പ്രതിഷേധവും ക്യാപിറ്റോള്‍ അക്രമവും തികച്ചും വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.
അര്‍ധപരമാധികാരമുള്ള നഗരമായ ഹോങ്കോംഗിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്ന നിയമത്തിനെതിരെയായിരുന്നു ഹോംങ്കോഗിലെ പ്രതിഷേധം. പൂര്‍ണ്ണമായ ജനാധിപത്യ-പൗരാവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ജനങ്ങള്‍ നിയമസഭാ മന്ദിരത്തില്‍ എത്തിയത്.
എന്നാല്‍ ജനാധിപത്യപരവും സുതാര്യവുമായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലത്തെ അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നു അമേരിക്കയില്‍ ട്രംപ് അനുകൂലികള്‍ രംഗത്തെത്തിയത്. അതുകൊണ്ടു തന്നെ ഈ രണ്ട് പ്രതിഷേധങ്ങളെയും ഒരുപോലെ കാണാനാകില്ലെന്ന് സാമൂഹ്യനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
വ്യാഴാഴ്ച പുതിയ പ്രസിഡന്റായി ജോ ബൈഡനെ പ്രഖ്യാപിക്കുന്നതിനുള്ള യു.എസ് കോണ്‍ഗ്രസ്-സെനറ്റ് സംയുക്ത യോഗം നടക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.
വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടന്നത്.
അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന പ്രതിഷേധത്തെ അപലപിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക