ന്യൂദല്‍ഹി: 2020ല്‍ പ്രതിദിനം ശരാശരി 31 കുട്ടികള്‍ ഇന്ത്യയില്‍ അത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എന്‍.സി.ആര്‍.ബി)യുടെ കണക്കുകള്‍ പ്രകാരം 2020-ല്‍ 11,396 കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
2019(9,613)ല്‍ നിന്ന് 18 ശതമാനത്തിന്റെ വര്‍ധനയും 2018(9,413)ലെ കണക്കില്‍ നിന്ന് 21 ശതമാനത്തിന്റെ വര്‍ധനയുമാണ് കണക്കിലുണ്ടായത്. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളാണ് കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍ കൂടിയതിന് കാരണമായതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കുടുംബപ്രശ്നങ്ങള്‍(4,006), പ്രണയ നൈരാശ്യം(1,337), അസുഖം(1,327) എന്നിവയാണ് 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്.
പാഠ്യപദ്ധതി, പരീക്ഷ ഫലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും കുട്ടികള്‍ വലിയ അനിശ്ചിതത്വം അനുഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ആത്മഹത്യകളില്‍ 10 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായതെന്നും കണക്കുകള്‍ പറയുന്നു. ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ എന്നിവരാണ് ജീവിതം അവസാനിപ്പിച്ചതില്‍ ഭൂരിഭാഗവും.
ഇന്ത്യയിലെ 53 മഹാനഗരങ്ങളില്‍ വെച്ച് രാജ്യതലസ്ഥാനമായ ദല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ രേഖപ്പെടുത്തപ്പെട്ടത്. 24 ശതമാനമാണ് ദല്‍ഹിയിലെ ആത്മഹത്യാ നിരക്ക്. കുടുംബ പ്രശ്‌നങ്ങളും രോഗാവസ്ഥയുമാണ് ആത്മഹത്യ ചെയ്യാന്‍ കൂടുതല്‍ ആളുകളെയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.