കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷ താപനില പതിവില്ലാത്ത വിധം വര്‍ധിക്കുന്നതിനാല്‍ കൊടുംചൂടില്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇറുകിയ യൂണിഫോം, സോക്‌സ്, ഷൂസ്, ടൈ, തലമുടി ഇറുകി കെട്ടുക തുടങ്ങിയവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും ഇവ ധരിക്കാന്‍ സ്‌കൂള്‍ അധികാരികള്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സുരേഷ് വ്യക്തമാക്കി.
സി.ബി.എസ്.ഇ സ്‌കൂളുകളില്‍ പകല്‍ 9.30 മുതല്‍ 1.30 വരെ പരീക്ഷ നടക്കുമ്പോള്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളവും, ഇടയ്ക്ക് ആവശ്യം വരികയാണെങ്കില്‍ ഇന്‍വിജലേറ്ററുടെ നിരീക്ഷണത്തില്‍ പ്രാഥമിക സൗകര്യവും ഒരുക്കണം എന്നും കമ്മിഷന്‍ നിര്‍ദേശിക്കുന്നു.
ചിക്കന്‍ പോക്സ്, അഞ്ചാംപനി എന്നിങ്ങനെയുള്ള പകര്‍ച്ചവ്യാധികള്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുവാന്‍ പ്രത്യേകം സംവിധാനം സാധ്യമാക്കണം. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷകളില്‍ കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ബാധ്യത സി.ബി.എസ്.ഇക്കുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.
കഠിനമായ ചൂടില്‍ കര്‍ശനമായ വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സി.ബി.എസ്.ഇയ്ക്കുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പരീക്ഷാഹാളിലും ക്ലാസ് മുറികളിലും ഫാനുകള്‍, കുടിവെള്ളം തുടങ്ങിയവ സജ്ജീകരിക്കണം.
അമിതമായ ചൂട് കാരണം ക്ഷീണം, ചിക്കന്‍പോക്സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങള്‍ തുടങ്ങിയവ കുട്ടികളില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. അതോടൊപ്പം ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ അമിതമായ ചൂടും വിയര്‍പ്പും കാരണം കുട്ടികളില്‍ ഫംഗസ് രോഗങ്ങളും കൂടുതലായി കണ്ടു വരുന്നുണ്ട്.
അമിതമായ ക്ഷീണം, പനി എന്നിവയ്ക്ക് അടിയന്തര ചികിത്സനല്‍കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
നേരത്തെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കടുത്തമഴക്കാലത്ത് ഷൂസും ടൈയും നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായിരുന്നു.
പതിവിന് വിപരീതമായി ഫെബ്രുവരി മാസത്തോടെ തന്നെ കനത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ചൂട് വര്‍ധിക്കുന്നതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സമയത്തിലും ക്രമീകരണം വരുത്തിയിരുന്നു. പത്തനംതിട്ട ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ ജില്ലാ കളക്ടര്‍ വിശ്രമം അനുവദിച്ചിരുന്നു.
നിര്‍മാണ സൈറ്റുകളിലും മറ്റു തൊഴിലിടങ്ങളിലും ആശുപത്രികളിലും കുടിവെള്ളം, അവശ്യ മരുന്നുകള്‍, ഒ.ആര്‍.എസ്, ഐസ് പാക്കുകള്‍ തുടങ്ങിയ ലഭ്യമാക്കണമെന്നും വിശ്രമകേന്ദ്രങ്ങള്‍ അനുവദിക്കമെന്നും നേരത്തെ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അവരുടെ ഭാഷയില്‍ തയ്യാറാക്കിയ ലഘുലേഖകളായി നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇത് സംബന്ധിച്ച് ലേബര്‍ കമ്മീഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ ലേബര്‍ ഓഫീസര്‍മാര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം ജല ലഭ്യത കുറയുന്നതിനാല്‍ കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം. ജ്യൂസ് പാര്‍ലറുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോയെന്ന് പരിശോധന നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ സേന രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജല സ്രോതസുകള്‍ മലിനമാക്കിയാല്‍ നിയമ നടപടി സ്വീകരിക്കും. ക്വാറികളിലെ ജലം വിതരണത്തിനുപയോഗിക്കാന്‍ പാകത്തിലുള്ളതാണോ എന്ന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
WATCH THIS VIDEO: